photo
കോന്നിയുഏെ വികസന തുടർച്ചയ്ക്ക് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കാൻ അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത രണ്ടാം വികസനശില്പശാല മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : വികസന തുടർച്ചയ്ക്ക് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കാൻ അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത രണ്ടാം വികസനശില്പശാല കേരളത്തിന് മാതൃകയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, സർക്കിൾ സഹകരണ യൂണിയൻ എക്‌സിക്യൂട്ടീവ് അംഗം പി.ജെ അജയകുമാർ, ജില്ലാപഞ്ചായത്തംഗം ജിജോ മോഡി, സി.പി.ഐ മണ്ഡലം സെക്രട്ടറി പിആർ ഗോപിനാഥൻ, കോന്നിയൂർ പി.കെ, ഫാ. ജിജി തോമസ്, രാജേഷ് ആക്ലേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ മോഹനൻ നായർ, സജി കുളത്തിങ്കൽ, ചന്ദ്രിക സുനിൽ, പുഷ്പവല്ലി , ഷീല , രേഷ്മ മറിയം റോയി, എൻ. നവനീത്, ജോബി .ടി. ഈശോ, ബ്ലോക്ക് പഞ്ചായത്തംഗം തുളസി മണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വകുപ്പുതല ഉദ്യാഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

തീരുമാനങ്ങൾ

കല്ലേലി നിവാസികളുടെ പാർപ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് കല്ലേലി കേന്ദ്രീകരിച്ച് പാർപ്പിട സമുച്ചയം നിർമ്മിക്കും.കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.

വന്യമൃഗശല്യമുണ്ടാകുന്ന മേഖലകളിൽ ഈ ഫോഴ്‌സിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യേഗസ്ഥർ ഉടനടി എത്തി നടപടി സ്വീകരിക്കും. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് വാഹന സൗകര്യം സജ്ജമാക്കുന്നതിനും ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും 15 ലക്ഷം രൂപ അനുവദിക്കും

സമഗ്ര കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കും.പഞ്ചായത്തുകളിൽ സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് ആധുനികനിലവാരത്തിലുള്ള പൊതുശ്മശാനം നിർമ്മിക്കും. കോന്നി ഗ്രാമപഞ്ചായത്ത് സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് കോന്നി കെ.എസ്. ആർ.ടി.സി പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർത്ഥ്യമാക്കും. ഐരവൺ -അരുവാപ്പുലം പാലം യാഥാർത്ഥ്യമാക്കും. മുടങ്ങിക്കിടക്കുന്ന പാലങ്ങളുടെ നിർമ്മാണം ഉടൻ തുടങ്ങും. ചി​റ്റാറിൽ സബ് ട്രഷറി സ്ഥാപിക്കും. സീതത്തോടിനെ ടൂറിസം വില്ലേജാക്കി മാ​റ്റാൻ നടപടി സ്വീകരിക്കും. കൈതക്കര കുടിവെള്ള പദ്ധതി പൂർത്തീകരിക്കും. നെടുമ്പാറ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കും.മലയോര മേഖലകളിൽ കൂടുതൽ കെ.എസ്ആർ.ടി.സി സർവ്വീസുകൾ ആരംഭിക്കും.

സീതത്തോട് മാർക്ക​റ്റ് നവീകരിക്കും. കോന്നി ബൈപ്പാസ്, മേൽപ്പാലം പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കും. മെഡിക്കൽ കോളജ് റോഡ് രണ്ടാം ഘട്ടം ഉടൻ പൂർത്തീകരിക്കും.