തിരുവല്ല: തലയെടുപ്പിന്റെ തമ്പുരാനായിരുന്ന മംഗലാംകുന്ന് കർണ്ണന്റെ വിയോഗം തിരുവല്ലയിലെ ആനപ്രേമികളെയും ദുഃഖത്തിലാക്കി. 65 -ാം വയസിൽ ഇന്നലെ പുലർച്ചയാണ് കർണ്ണൻ ചരിഞ്ഞത്. ശ്രീവല്ലഭ ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയിൽ ഈ കരിവീരന്റെ സാന്നിദ്ധ്യം ഇന്നും ആനപ്രേമികൾക്ക് മറക്കാനാകില്ല. ശ്രീവല്ലഭ സ്വാമിയുടെ തിടമ്പേറ്റാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. കുട്ടിയാനയായിരുന്ന തിരുവല്ല ജയരാജൻ, കുന്നന്താനം ശിവശങ്കരൻ എന്നിവർക്കൊപ്പം താരപരിവേഷത്തോടെ കർണ്ണനും ആറാട്ടിന് എഴുന്നള്ളുന്നത് മനസ്സിൽ നിന്ന് മായാത്ത കാഴ്ചയാണ്. 2008ലാണ് ആദ്യമായി തിരുവല്ലയിലെത്തിയത്. ഫെബ്രുവരി 19 ന് ശ്രീവല്ലഭന്റെ തിടമ്പേറ്റാനെത്തിയ കർണ്ണനെ മാർക്കറ്റ് ജംഗ്‌ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ശ്രീവല്ലഭ ക്ഷേത്രത്തിന്റെ കൂറ്റൻ മതിലിനും മുകളിലേക്ക് ഉയർന്നു നിൽക്കുന്ന മസ്തകവും ആകാരഭംഗിയുമെല്ലാം കർണ്ണനെ പ്രിയങ്കരനാക്കി. ഒറ്റപ്പാലം സ്വദേശിയാണെങ്കിലും മംഗലാംകുന്ന് കർണ്ണന് തിരുവല്ലയിലും ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. ഉത്സവാഘോഷങ്ങളിലും മറ്റും പങ്കെടുക്കാനായി തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ പലതവണ ഈ ഗജവീരൻ എത്തിയിട്ടുണ്ട്. അവിടെല്ലാം ആനപ്രേമികളും ഒത്തുകൂടിയിരുന്നു. ഗുരുവായൂരും പെരുന്നയിലും ഇത്തിത്താനത്തുമെല്ലാം തലയെടുപ്പോടെ ഗജമേളകളിൽ പങ്കെടുത്തിരുന്ന ആനയാണിത്. ഏത് പൂരത്തിനും എഴുന്നെള്ളിക്കാവുന്നതും ആൾക്കൂട്ടത്തിനിടയിലും കുഴപ്പക്കാരനാകാതെ പെട്ടെന്ന് ഇണങ്ങിച്ചേരുന്നതുമായ പ്രകൃതവുമായിരുന്നു മംഗലാംകുന്ന് കർണ്ണനെന്ന് ആനപ്രേമി സംഘം സെക്രട്ടറിയായിരുന്ന അരുൺരാജ് പറയുന്നു.