അടൂർ: ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി.മണക്കാല തോട്ടുകടവിൽ ടി.എം മാത്യു (രാജു 69)വാണ് മരിച്ചത്. ഇന്നലെ രാവിലെ 9.15 ന് വീട്ടിൽ നിന്ന് പുകയുയരുന്നത് കണ്ട അയൽവാസികൾ അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചു.ഇവർ എത്തിയെങ്കിലും വീടിനുള്ളിൽ കയറാനാകാത്തവിധം അകത്തുനിന്ന് എല്ലാ വാതിലുകളും പൂട്ടിയിരിക്കുകയായിരുന്നു. പുക ഉയരുന്ന മുറിയുടെ ജനാലയുടെ ഗ്ളാസ് തകർത്ത് വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി. പൊലീസെത്തി വാതിലുകൾ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കട്ടിലിൽ മാത്യുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ മേഴ്സി രാവിലെ മാവേലിക്കര കൊല്ലകടവിലുള്ള വീട്ടിലേക്ക് പോയിരുന്നു . കട്ടിലിനടിയിൽ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണം കാണുന്നതായി പൊലീസ് പറഞ്ഞു. ഭാര്യയെ പറഞ്ഞുവിട്ട ശേഷം ആത്മഹത്യചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇവരുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതയുണ്ടാകുവെന്ന് അടൂർ പൊലീസ് ഹൗസ് ഒാഫീസർ യു. ബിജു പറഞ്ഞു. മക്കൾ: റീന, റിബു.മരുമകൾ: ഷേർളി.