daily

പത്തനംതിട്ട : പക്ഷിപ്പനിക്ക് പിന്നാലെ ഇടനിലക്കാരുടെ ചൂഷണത്തിലും നട്ടംതിരിയുകയാണ് ജില്ലയിലെ ഇറച്ചിക്കോഴി കർഷകർ. കഴിഞ്ഞാഴ്ച 90 രൂപയ്ക്ക് മുകളിൽ ചില്ലറ വിൽപ്പന നടന്നിരുന്നെങ്കിലും കർഷകർക്ക് ലഭിച്ചത് 50 രൂപ മാത്രമാണ്. 45 രൂപ മുതൽ 53 രൂപ വരെ വില നൽകി കുഞ്ഞിനെ വാങ്ങുന്ന കർഷകന് നാല്പത് ദിവസങ്ങൾക്ക് ശേഷം കിലോയ്ക്ക് 80 രൂപ ലഭിച്ചാൽ മാത്രമേ മുടക്കു മുതൽ തിരികെ കിട്ടുകയുള്ളു. ലാഭം ലഭിക്കണമെങ്കിൽ വില വീണ്ടും ഉയരണം. കോഴിത്തീറ്റയുടെയും മറ്റ് അനുബന്ധ ചെലവുകളുടെ വർദ്ധനയും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. വായ്പ എടുത്ത് ഫാം ആരംഭിച്ച പല കർഷകരും കടക്കെണിയിലാണ്.

ഫാമുകളിൽ നിന്ന് മൊത്തവിതരണക്കാരാണ് കോഴികളെ ചില്ലറ വിൽപനക്കാരുടെ അടുക്കൽ എത്തിക്കുന്നത്. ഇപ്പോൾ ഇരുപതു രൂപയ്ക്ക് മുകളിൽ കിലോയ്ക്ക് നഷ്ടം സഹിച്ചാണ് കർഷകർ കോഴിയെ വിൽക്കുന്നത്. കിലോയ്ക്ക് 87 രൂപ തറവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നേ വരെ ഗുണം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. കർഷകർക്ക് കമ്മിഷൻ വ്യവസ്ഥയിൽ കോഴിക്കുഞ്ഞുകളെയും തീറ്റയും നൽകി ഈ മേഖലയിൽ മുതൽ മുടക്കിയിരിക്കുന്ന ഇടനിലക്കാരും കടക്കെണിയിലാണ്. നാല്പത് മുതൽ നാല്പത്തഞ്ച് ദിവസങ്ങൾക്കുള്ളിൽ വില്പന നടത്തിയില്ലെങ്കിൽ നഷ്ടക്കണക്ക് പരിധി വിട്ടുയരുമെന്നതിനാൽ കിട്ടുന്ന വിലയ്ക്ക് കോഴികളെ വിൽക്കാനും കർഷകർ നിർബദ്ധിതരാകുന്നു.

"തറവില ഉയർത്തി കർഷകർക്ക് ആശ്വാസ പദ്ധതികൾ ഉറപ്പുവരുത്തണം. ഇടനിലക്കാരാണ് കർഷകരെ ചതിക്കുന്നത്. നേരിട്ട് വിൽക്കാൻ ശ്രമിച്ചാൽ ഭീഷണിപ്പെടുത്തും. "

വി. വിമൽ

കോഴി ഫാം ഉടമ