wood

പത്തനംതിട്ട : ഹാരിസൺ മലയാളം പ്ളാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിലെ പ്രായമായ റബർമരങ്ങൾ മുറിച്ച് നീക്കം ചെയ്യുന്നതിൽ സർക്കാരിന് ലഭിക്കേണ്ട റോയൽട്ടി തുകയിൽ വൻനഷ്ടമെന്ന് സൂചന. മരങ്ങൾ ലേലംപിടിച്ച കരാറുകാരനും ചില വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നുള്ള ഒത്തുകളിയിലൂടെ മുറിക്കുന്ന മരത്തിന്റെ തൂക്കവും തുകയും കുറച്ചെഴുതി വെട്ടിപ്പിന് കളമൊരുക്കുകയാണ്. റോയൽട്ടി തുക കൃത്യമായി വാങ്ങണമെന്ന് ഒരുവിഭാഗം വനംവകുപ്പ് ജീവനക്കാർ ആവശ്യപ്പെട്ടിട്ടും ഉയർന്ന ഉദ്യോഗസ്ഥർ കേട്ടമട്ടില്ല. പുതിയ റബർ തൈകൾ നടനാണ് പ്രായമായവ മുറിക്കുന്നത്. കോന്നി വനം ഡിവിഷന്റെ ഭാഗമായ നടുവത്തുമൂഴി റെയ്ഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് തട്ടിപ്പിന് കൂട്ടുനിൽക്കുന്നത്.
കൃഷി ചെയ്യാൻ പാട്ടത്തിന് നൽകിയതാണ് ഹാരിസണിന് സർക്കാർ ഭൂമി. അനുവദിച്ചതിനേക്കാൾ കൂടുതൽ ഭൂമി ഇവിടെ ഹാരിസൺ കൈവശപ്പെടുത്തിയതായി ആക്ഷേപവുമുണ്ട്.
മുറിക്കുന്ന മരങ്ങൾ അളന്നു തിട്ടപ്പെടുത്തി തടികൾക്ക് ലഭിക്കാവുന്ന വില കണക്കാക്കി നിശ്ചിത തുക സർക്കാരിലേക്ക് അടയ്ക്കുന്നതാണ് റോയൽട്ടി. തടിയുടെ അളവ് ക്യൂബിക് മീറ്ററിലാണ് കണക്കാക്കുന്നത്. അളവിന്റെ ചുമതല വനം വകുപ്പിനാണ്. മുറിക്കുന്ന മരങ്ങളുടെ പകുതി മാത്രം വനംവകുപ്പ് ജീവനക്കാർ രേഖപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം.

അറിഞ്ഞിട്ടും അനങ്ങാതെ രഹസ്യാന്വേഷണ വിഭാഗം

ഉയർന്ന ഉദ്യോഗസ്ഥരുടെയും ഹാരിസൺ മാനേജുമെന്റിന്റെയും ഒത്താശയോടെ നടക്കുന്ന വെട്ടിപ്പിനെപ്പറ്റി വനംവകുപ്പ് രഹസ്യാന്വേഷണ വിഭാഗത്തിന് അറിവുണ്ടെങ്കിലും അനങ്ങാറില്ല. പല ഘട്ടങ്ങളിലായി അച്ചടക്ക നടപടി നേരിട്ടവർ അടങ്ങുന്നതാണ് രഹസ്യാന്വേഷണ വിഭാഗം. കൃത്യമായ പിരിവ് ലഭിക്കുന്നതുകൊണ്ട് തൊഴിലാളി യൂണിയനുകളും പ്രതികരിക്കാറില്ല.

ലോഡിംഗ് തൊഴിലാളികൾക്ക് അറിയാം

റബ്ബർതടി മുറിച്ച് ലോഡ് ചെയ്യുന്നത് പ്രദേശത്തെ തൊഴിലാളികളാണ്. ലോഡ് തിട്ടപ്പെടുത്തിയാണ് കൂലി കണക്കാക്കുന്നത്. കയറ്റിവിടുന്ന ഓരോ ലോഡിന്റെയും തൂക്കം തൊഴിലാളികൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇതിന്റെ പകുതി മാത്രമാണ് വനംവകുപ്പ് രേഖപ്പെടുത്തുന്നത്. ഒരു ലോഡിൽ 2223 ക്യൂബിക് മീറ്റർ റബ്ബർ തടി കയറ്റി പോകുമ്പോൾ വനം വകുപ്പിന്റെ കണക്കിൽ ഇത് പരമാവധി 1012 ക്യൂബിക് മീറ്റർ മാത്രമാണ്.

വിൽപ്പന സമയത്ത് ഓരോ ലോഡും കൃത്യമായി തൂക്കി നോക്കും. ഇൗ തൂക്കച്ചീട്ടും കയറ്റി വിട്ട സമയത്തെ റബ്ബർ തടിയുടെ തൂക്കച്ചീട്ടും ഒത്തു നോക്കിയാൽ തട്ടിപ്പ് മനസിലാകും.

തൂക്കവും തുകയും പാസിൽ കുറച്ച് എഴുതി വെട്ടിപ്പ്,

കരാറുകാർക്കും വനംവകുപ്പ് ജീവനക്കാർക്കും

തൊഴിലാളി യൂണിയനുകൾക്കും പങ്ക്