തിരുവല്ല: രാത്രിയിൽ യാത്രചെയ്യുന്നവരെ മാരകായുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും വാഹനവും കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് എടത്വ സ്വദേശി വിനീതിനെ (വടിവാൾ വിനീത്-23) തിരുവല്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാവുംഭാഗം അമ്പിളി ജംഗ്ഷൻ, ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം, കുറ്റപ്പുഴ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെയായിരുന്നു തെളിവെടുപ്പ്. തിരുവനന്തപുരം സബ് ജയിലിൽ റിമാൻഡിലായിരുന്നു .തിരുവല്ല സി.ഐ പി.എസ് വിനോദ്, എസ്.ഐ എ.അനീസ്, എ.എസ്.ഐമാരായ ഗിരീഷ്, സാബു എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുത്ത ശേഷം തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. കൊച്ചി കേന്ദ്രമാക്കി ഗുണ്ടാ പ്രവർത്തനം നടത്തിയിരുന്ന വിനീത് കോയിപ്രം,നെടുമ്പ്രം എന്നിവിടങ്ങളിലും അക്രമങ്ങൾ നടത്തിയിട്ടുണ്ട്.
വിനീതിന്റെ വിളയാട്ടം
-------------
ഡിസംബർ 17
പുലർച്ചെ 3.30നും 4.15നും പ്രഭാത സവാരിക്കിറങ്ങിയ റിട്ട.എസ്.ഐ രാജൻ, പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പ് എന്നിവരാണ് വിനീതിന്റെ ആക്രമണത്തിന് ഇരയായത്. മതിൽഭാഗത്തും അമ്പിളി ജംഗ്ഷന് സമീപത്തുമായിരുന്നു ആദ്യ ആക്രമണങ്ങൾ. കൊല്ലം പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച മാരുതി ഒമ്നി വാനിൽ കാമുകിയായ ഷിൻസിക്കൊപ്പമെത്തിയ വിനീത് ഇരുവരെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണമാല തട്ടാൻ ശ്രമിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും നാട്ടുകാരുടെ പിടിയിൽ നിന്ന് വിനീതും കാമുകിയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ജനുവരി 11
പുലർച്ചെ നാലിന് ബൈക്കിലെത്തിയ വിനീത് കുറ്റപ്പുഴയിൽ മത്സ്യവ്യാപാരിയെ ഭീഷപ്പെടുത്തി 5000രൂപ കവർന്നു. കാർ യാത്രികനായ ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി നിരണത്ത് എത്തിച്ച് സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും കാറും മോഷ്ടിച്ച് കടന്നു. ഇവിടെനിന്നും പോകുംവഴിയാണ് കൊല്ലം പൊലീസിന്റെ പിടിയിലായത്.
കൂസാതെ, പതറാതെ
തെളിവെടുപ്പിന് എത്തിച്ച വിനീതിന് കൂസലില്ലായിരുന്നു. വർഷങ്ങൾക്ക്മുമ്പ് വീട് വിട്ടിറങ്ങിയതാണ്. കൊച്ചി കേന്ദ്രമാക്കിയായിരുന്നു വിളയാട്ടം. ഇയാളുടെ കാമുകി ഷിൻസി അടക്കമുള്ള മൂന്ന് കൂട്ടുപ്രതികൾ വിവിധ ജയിലുകളിൽ റിമാൻഡിൽ കഴിയുകയാണ്.