അരുവാപ്പുലം: മലയോരത്തെ വനാന്തരഗ്രാമമായ കൊക്കാത്തോടിന് പറയാനുള്ളത് വനത്തോടും വന്യമൃഗങ്ങളോടും പൊരുതിയ കർഷകരുടെയും മലഞ്ചരക്ക് വ്യാപാരത്തിന്റെയും കഥകളാണുള്ളത്. വഴിയും വൈദ്യുതിയും വാർത്ത വിനിമയ, ഗതാഗത സൗകര്യങ്ങളും ഇല്ലാത്താ ഗ്രാമം. വനമേഖലയായിരുന്ന പ്രദേശങ്ങൾ, 73 വർഷങ്ങൾക്ക് മുൻപ് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർക്ക് ഭക്ഷ്യക്ഷാമകാലത്ത് 5 ഏക്കർ വീതം കൃഷി ചെയ്യാൻ കൊടുത്ത സ്ഥലങ്ങളിലാണ് ആളനക്കം ഉണ്ടായത്.
ആദ്യകാലത്ത് കൊക്കാത്തോടെന്ന പേരു പോലമില്ലായിരുന്നു. കാക്കത്തോട്, കോരുത്തോട്, ഒക്കത്തോട് എന്നിങ്ങനെയൊക്കെ പലപേരുകൾ പറഞ്ഞുപോന്നു. റോഡില്ലാത്തതിനാൽ വനത്തിലെ ആനത്താരകളിലൂടെയാണ് ഇവിടെക്ക് വന്നിരുന്നത്. മലഞ്ചരക്കുകളായ കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കശുവണ്ടി, അടയ്ക്ക, കോലിഞ്ചി എന്നിവ കർഷകരുടെ വീടുകളിൽ നിന്ന് വാങ്ങി പുറത്ത് ചന്തകളിലെത്തിച്ച് ഉപജീവനം നടത്തുന്നവരുമുണ്ടായിരുന്നു. മലഞ്ചരക്കുകൾ തലച്ചുമടായി വനത്തിലൂടെ കാൽനടയായി സഞ്ചരിച്ച് ചന്തകളിലെത്തിക്കുന്നത് സാഹസകമായിരുന്നു. ഏത് സമയവും വന്യജീവികളുടെ ആക്രമണം പ്രതീക്ഷിക്കാം. കാട്ടുപാതകളിലൂടെയും പാറകളുടെ മുകളിലൂടെയും ആനത്താരകളിലൂടെയുമായിരുന്നു സഞ്ചാരം. കൊക്കാത്തോട്ടിലെ അപ്പൂപ്പൻ തോട്, നീരാമക്കുളം, ഒരേക്കർ, കാട്ടാത്തി, കോട്ടാമ്പാറ തുടങ്ങിയ പ്രദേശങ്ങൾ സുഗന്ധവ്യജ്ഞനങ്ങളാൽ സമൃദ്ധമായിരുന്നു .
അതിജീവനത്തിന്റെ ഒാർമ്മകളിൽ ശാമുവേൽ
കൊക്കാത്തോടിന്റെ അതിജീവനത്തിന്റെ ഒാർമ്മകളുമായി ജീവിക്കുകയാണ് കളർനിൽക്കുന്നതിൽ ശാമുവേൽ (80). മലഞ്ചരക്ക് വ്യാപാരവും കൊക്കാത്തോട്ടിലെ ആദ്യകാല കർഷകരുടെ ജീവിതത്തെക്കുറിച്ചും ഇദ്ദേഹത്തിന്റെ ഒാർമ്മകൾ ഏറെയുണ്ട്. പാരബര്യമായി മലഞ്ചരക്ക് വ്യാപാര കുടുംബാംഗമായ ശാമുവേൽ 1968 ഡിസംബർ 15 ന് കുമ്പഴ, പുളിമുക്കിൽ നിന്നാണ് കാട് കയറുന്നത്. അന്ന് പുറംലോകവുമായി തീർത്തും ഒറ്റപ്പെട്ട വനാന്തരഗ്രാമമായിരുന്നു കൊക്കാത്തോട്. വർഷകാലത്ത് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നാൽ ഒറ്റപ്പെടുന്ന വന്യമൃഗശല്യം എറെയുള്ള സ്ഥലം.
പ്രായമായതോടെ മലഞ്ചരക്ക് വ്യാപാരം നിറുത്തി മാടക്കടയിൽ പഴയ കാല ഓർമ്മകൾ അയവിറക്കിയും കൊക്കാത്തോടിനുണ്ടായ മാറ്റങ്ങൾ കണ്ടും പലചരക്ക് കച്ചവടം നടത്തുകയാണിപ്പോൾ ശാമുവലും ഭാര്യ തങ്കമ്മയും.