പന്തളം: കഴിഞ്ഞ നവംബറിൽ നടന്ന എൽ.പി.എസ്എ പരീക്ഷയുടെ ഷോർട്ട്‌ലിസ്റ്റ് വരാനിരിക്കെ ആശങ്കയിലും പ്രതീക്ഷയിലുമാണ് ഉദ്യോഗാർത്ഥികൾ. നിലവിലെ റാങ്ക് ലിസ്റ്റ് 2019-20 വർഷത്തെ എച്ച്.എം പ്രമോഷൻ നടക്കുമ്പോൾ തന്നെ റദ്ദാകും. എന്നാൽ ലിസ്റ്റിന്റെ കാലാവധി ഇനിയും ബാക്കിയാണ്. 2021 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വരുന്ന റിട്ടെയർമെന്റ് വേക്കൻസികളും പുതിയ ലിസ്റ്റ് വന്നതിനുശേഷം വരുന്ന മൂന്ന് വർഷങ്ങളിലെ ഒഴിവുകളും കൂടി കണക്കാക്കുമ്പോൾ ഇപ്പോൾ ഏകദേശം 350 ഒഴിവുകളുണ്ട്. വരാൻ പോകുന്ന ലിസ്റ്റ് അതിന് ആനുപാതികമായി 400 പേരെയെങ്കിലും മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നും, അതിന് മുമ്പായി കെ ടെറ്റ്, റ്റിറ്റിസി യോഗ്യത ഇല്ലാത്തവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും റാങ്ക് ഹോഡേഴ്‌സ് യോഗം ജില്ലാ പി.എസ്.സി യോട് ആവശ്യപ്പെട്ടു. എൽ.പി.എസ്.എ ലിസ്റ്റിൽ നിന്നും ഉയർന്ന റാങ്ക് നേടുന്ന ഉദ്യോഗാർത്ഥികൾ യു.പി.എസ്.എ ലിസ്റ്റിൽ ഉൾപ്പെടാൻ സാദ്ധ്യതയുണ്ട്. ഈ വസ്തുതകൾ എല്ലാം പരിഗണിച്ച് തങ്ങൾക്ക് അനുകൂലമായ രീതിയിൽ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.