അടൂർ: അടൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ഇനി ആവിയിൽ പുഴുങ്ങിയ ആഹാരം കഴിക്കാം. സ്കൂൾ വളപ്പിൽ തന്നെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച കെട്ടിടത്തിൽ കുടുംബശ്രീ കഫേ പ്രവർത്തനം തുടങ്ങി. ജില്ലയിൽ ആദ്യമായിട്ടാണ് ജില്ലാ പഞ്ചായത്ത് ഇങ്ങനെ ഒരു സംരംഭം സ്കൂളിൽ തുടങ്ങുന്നത്. അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ കുടുംബശ്രീ കഫേ ഉണ്ടെങ്കിലും ജില്ലാ പഞ്ചായത്തിന് അതുമായി ബന്ധമില്ല. ജില്ലാ പഞ്ചായത്ത് മുൻ അംഗം ടി.മുരുകേഷ് മുൻകൈയ്യെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. നാലരലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും വിനിയോഗിച്ചാണ് കഫേ കെട്ടിടം പൂർത്തിയാക്കിയത്. പള്ളിക്കൽ പഞ്ചായത്തിലെ മകം കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കഫേ പ്രവർത്തിക്കുക. രാവിലെ മുതൽ വൈകിട്ട് വരെ പ്രവർത്തനം ഉണ്ടാകും. ആവിയിൽ പുഴുങ്ങിയത് കൂടാതെ ഊണ്, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവയും ലഭ്യമാകും.മായം കലരാത്ത ആരോഗ്യത്തിന് ഹാനികരമല്ലാത്ത നല്ല ആഹാരം കുട്ടികൾക്ക് സ്കൂൾ വളപ്പിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് കഫേ തുടങ്ങുന്നത്. കഫേയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ .നിർവഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി.സന്തോഷ്, പി.കെ.ബാബു,സ്കൂൾ വികസന സമിതി ചെയർമാൻ എ.പി.ജയൻ, ജില്ലാ പഞ്ചായത്ത് മുൻ അംഗം ടി.മുരുകേഷ്, പി.ടി.എ.പ്രസിഡണ്ട് കെ.ഹരിപ്രസാദ്, പ്രിൻസിപ്പൽ സജി വർഗീസ്,ഹെഡ്മിസ്ട്രസ് കെ.മിനി,സ്കൂൾ വികസന സമിതി സെക്രട്ടറി പി.ആർ.ഗിരീഷ്,കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ മണികണ്ഠൻ.എ,അനിൽകുമാർ.ഡി,ശ്രീകല, ലളിതാഭാസുരൻ, എലിസബത്ത്, ധന്യ, ഷീല.എൽ എന്നിവർ പ്രസംഗിച്ചു.