കോഴഞ്ചേരി: കോഴഞ്ചേരിയിലെ സി.കേശവൻ സ്ക്വയർ നവീകരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിലൂടെ കോഴഞ്ചേരിയുടെ ചരിത്രത്തിലെ സമരവീര്യം പുതിയ തലമുറയും സ്മരിക്കും.

നിവർത്തന പ്രക്ഷോഭനായകൻ, സാമൂഹ്യ പരിഷ്‌കർത്താവ്, തിരുകൊച്ചി മുഖ്യമന്ത്രി, എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി എന്നീ നിലകളിൽപ്രവർത്തിച്ച സി.കേശവന്റെ കോഴഞ്ചേരി പ്രസംഗം ചരിത്രപ്രസിദ്ധമാണ്.

സർ സി.പി.രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ നടന്ന ദിവാൻ ഭരണത്തിനെതിരെയായിരുന്നു കോഴഞ്ചേരി പ്രസംഗം. തിരുവിതാംകൂറിൽ ഉദ്യോഗസ്ഥ നിയമനം, ജനപ്രതിനിധിസഭാ പ്രതിനിദ്ധ്യം എന്നിവയിൽ നീതി നിഷേധിക്കപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭം നടത്തിയപ്പോൾ അതിന്റെ അമരക്കാരനായിരുന്നു സി.കേശവൻ.
അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഉത്തരവു് നിലനിൽക്കുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് അദ്ദേഹം ദിവാനെതിരെ കോഴഞ്ചേരിയിൽ പ്രസംഗിച്ചത്. കോഴഞ്ചേരിയിൽ പ്രസംഗിക്കാൻ വരുന്നു എന്നറിഞ്ഞ് ഇത് തടയുന്നതിനായി വൻ പൊലീസ് സംഘമാണ് വേദിക്കരികിൽ നിലയുറപ്പിച്ചത്.ഇതറിഞ്ഞ സംഘാടകർ അദ്ദേഹത്തെ സ്വീകരിച്ച് കൊണ്ടുവരുന്ന രീതിയിൽ വേദിക്കരികിലേക്ക് ആരവത്തോടെ വരികയും എന്നാൽ സി.കേശവനെ സ്റ്റേജിന് പുറകിൽ കൂടി കോവണി വഴി വേദിയിൽ എത്തിക്കുകയുമാണ് ഉണ്ടായത്. വേദിക്ക് ചുറ്റും ആവേശഭരിതരായി ആയിരക്കണക്കിന് ജനങ്ങൾ സംഘടിച്ച് നിന്നതിനാൽ സി.കേശവനെ അറസ്റ്റു ചെയ്യുന്നതിനോ പ്രസംഗം തടസപ്പെടുത്തുന്നതിനോ പൊലീസിനായില്ല. സർ.സി.പി.രാമസ്വാമിയുടെ ദിവാൻ ഭരണത്തിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രത്തിൽ ഇടം നേടി. പ്രസംഗത്തിന് ശേഷം രഹസ്യമായി ത്തന്നെ അദ്ദേഹത്തെ സംഘാടകർ ചെങ്ങന്നൂരിലെത്തിച്ചു.

ഇതിന്റെ സ്മരണകൾ നിലനിറുത്തുന്നതിനായി കോഴഞ്ചേരിയുടെ ഹൃദയഭാഗത്ത് 1986ൽ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ആലേഖനം ചെയ്ത ഫലകം പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ചു.പഞ്ചായത്തംഗമായിരുന്ന പി.സി.അലക്‌സാണ്ടറാണ് ഇതിന് നേതൃത്വം നൽകിയത്.2003 മേയ് 11ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫലകത്തിന് സമീപം എസ്.എൻ.ഡി.പി.യോഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് സി.കേശവന്റെ പൂർണകായ വെങ്കല പ്രതിമ.സി.കേശവർ സ്‌ക്വയർ എന്നറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ നവീകരണത്തിനാണ് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചത്.ഇതിന്റെ ഭാഗമായി സി.കേശവൻ സ്മാരക പബ്‌ളിക് ലൈബ്രറിയും കോഴഞ്ചേരിയിൽ സ്ഥാപിക്കും. പരിഗണന കിട്ടാതെ ജീർണാവസ്ഥയിലേക്കു് മാറിയ സി.കേശവൻ സ്‌ക്വയർ നവീകരിക്കുന്നതിന് സഹായം അഭ്യർത്ഥിച്ച് എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ നേതാക്കൾ വീണാ ജോർജ് എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.