പത്തനംതിട്ട: കോട്ടയത്തെ ജുവലറിയിലേക്ക് ബംഗളുരുവിൽ നിന്ന് ബസിൽ അയച്ച 900 ഗ്രാം സ്വർണത്തിന്റെ പാഴ്സൽ കാണാതായതിനെ തുടർന്ന് പത്തനംതിട്ടയിലെത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസിൽ പരിശോധന. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ടയിലെത്തിയ ബസിലെ യാത്രക്കാരെ ഇറക്കി പൊലീസ് പരിശോധിച്ചെങ്കിലും പാഴ്സൽ കണ്ടെത്താനായില്ല.

ബംഗളുരുവിൽ നിന്ന് പുറപ്പെട്ട ബസിൽ ഡ്രൈവറുടെ ക്യാബിനിലായിരുന്നു പാഴ്സൽ സൂക്ഷിച്ചിരുന്നത്. ബസ് കോട്ടയത്ത് എത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ ജുവലറി ഉടമകൾ പാഴ്സൽ വാങ്ങാനെത്തിയപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. ബസ് പത്തനംതിട്ടയിലേക്ക് പുറപ്പെട്ടപ്പോൾ ജുവലറി ഉടമകളും വാഹനത്തിന് പിന്നാലെ വന്നു. പത്തനംതിട്ട പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പരിശോധനയിൽ പാഴ്സൽ കണ്ടെത്താത്തതിനെ തുടർന്ന് ജുവലറി ഉടമകൾ കോട്ടയം പൊലീസിൽ പരാതി നൽകി. പത്തനംതിട്ടയിൽ പരിശോധനയ്ക്ക് വിധേയരായവരെ വിട്ടയച്ചു.