തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇന്ന് രണ്ടിന് ഗ്രാമസ്വരാജും ജനകീയാസൂത്രണവും നവകേരള സൃഷ്ടിക്ക് എന്ന വിഷയത്തിൽ വികസന ശില്പശാല നടക്കും. കില ഡയറക്ടർ ഡോ.ജോയ് ഇളമൺ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യമേഖല സംബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ:പ്രതിഭ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ സംബന്ധിച്ച് ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ്.എസ്.വള്ളിക്കോട്, സമ്പൂർണ പാർപ്പിടം സംബന്ധിച്ച് ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സി.പി.സുനിൽ, കൃഷി- ജലസംരക്ഷണം -മാലിന്യ സംസ്കരണം എന്നിവയിൽ ജില്ലാ പഞ്ചായത്ത് മുൻ അംഗവും എന്റെ മണിമലയാർ കോർഡിനേറ്ററുമായ എസ്.വി.സുബിൻ എന്നിവർ ക്ലാസെടുക്കും. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. കിലയുടെ മാർഗ നിർദ്ദേശത്തോടെ അഞ്ച് വർഷത്തെ പദ്ധതികൾക്ക് രൂപം നൽകും.