ചെങ്ങന്നൂർ: പുലിയൂരിൽ പ്രവാസി ഓൺലൈൻ ഗ്രാമസഭ നടത്തി. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രവാസികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനും അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായിട്ടാണ് പ്രവാസി ഗ്രാമസഭ നടത്തിയത്. പ്രവാസി ഗ്രാമസഭ സജിചെറിയാൻ എം.എൽ..എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പഞ്ചായത്ത് നിവാസികളായ അനേകം പേർ ഗ്രാമസഭയിൽ പങ്കെടുത്തു. പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്തു. വരുന്ന വർഷത്തെ പദ്ധതി രൂപീകരണം സംബന്ധിച്ച് നിർദേശങ്ങളും, അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു. പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ സംബന്ധിച്ച പരാതികൾ തീർപ്പാക്കി. പ്രവാസി സൗഹൃദ പഞ്ചായത്തായി പുലിയൂരിനെ മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആരോഗ്യം, കൃഷി, പൊതുമരാമത്ത്, വിദ്യാഭ്യാസം തുടങ്ങി പഞ്ചായത്ത് തലത്തിലുള്ള എല്ലാ നിർവഹണ ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീല,പഞ്ചായത്ത് ഭരണ സമതി അംഗങ്ങൾ, വില്ലേജ് ഓഫീസർ, പി.എച്ച്.സി മെഡിക്കൽ ഓഫീസർ, വെറ്ററിനറി ഡോക്ടർ, കൃഷി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ,വി.ഇ..ഒ തുടങ്ങിയവർ പങ്കെടുത്തു.