തിരുവല്ല: എം.സി റോഡിലെ മുത്തൂരിലും ടി.കെ.റോഡിലെ മനയ്ക്കച്ചിറയിലുമായി ഇന്നലെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ടുപേർക്ക് പരിക്കേറ്റു. മുത്തൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവ(ർ ചങ്ങനാശേരി സ്വദേശി രാജന് (48) പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയെ കാർ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിടിച്ച് ഓട്ടോറിക്ഷാ റോഡിൽ മറിഞ്ഞു. മനയ്ക്കച്ചിറ പെട്രോൾ പമ്പിന് സമീപം ടോറസും സുമോയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിൽ സഞ്ചരിച്ച തീപ്പനി തകിടിമലയിൽ സുമി (30) ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. സുമോ പമ്പിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തിയ ടോറസ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സുമോ മുന്നിൽപോയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ സുമിയെ പൊലീസെത്തിയാണ് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസപ്പെട്ടു.