maramon

പത്തനംതിട്ട: 126 -ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 21 വരെ നടക്കും. 14ന്‌ വൈകിട്ട് 3ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യൂയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ഡോ. രൂബേൻ മാർക്ക് (ആന്ധ്രാപ്രദേശ്), റവ. ഡോ. റോജർ ഗെയ്ക്കവാദ് (ഗോഹട്ടി), ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് (തൃശൂർ), ബിഷപ്പ് ഡോ.റോയ്‌സ് മനോജ് വിക്ടർ (കണ്ണൂർ), ബിഷപ്പ് സാബു കെ.ചെറിയാൻ (കോട്ടയം) എന്നിവരാണ് മുഖ്യപ്രസംഗകർ. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു
പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

വിശ്വാസസമൂഹം കൺവെൻഷൻ നഗറിലേക്ക് വരാൻ ശ്രമിക്കാതെ
വീടുകളിലിരുന്ന് ടിവി, സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിംഗ് പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണമാണ് പന്തലിനുള്ളിൽ ഉണ്ടാകുക. 200 പേർക്കാണ് പന്തലിൽ പ്രവേശനം. മാസ്‌ക് ധരിക്കാത്ത ആരെയും പന്തലിൽ പ്രവേശിപ്പിക്കില്ല. കൊവിഡ് പ്രോട്ടോകോൾ പ്രകാരം കൺവെൻഷൻ ക്രമീകരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

തിങ്കൾ മുതൽ ശനി വരെ രാവിലെ 10നും വൈകിട്ട് 5നും നടക്കുന്ന പൊതുയോഗങ്ങൾക്കു പുറമെ രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബൈബിൾ ക്ലാസ്സുകളും നടക്കും. 17 ന് രാവിലെ 10 ന് എക്യൂമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാർ പങ്കെടുക്കും. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് സംസാരിക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായി വരുന്നു.

വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി റവ. ജോർജ് എബ്രഹാം കൊറ്റനാട് , ലേഖക സെക്രട്ടറി സി.വി. വറുഗീസ്, അനീഷ് കുന്നപ്പുഴ ,റോണി എം. സ്‌കറിയ, അനിൽ മാരാമൺ, സജി വിളവിനാൽ, ജോസ് പി. വയയ്ക്ക്ൽ എന്നിവർ പങ്കെടുത്തു.

സർക്കാർ ക്രമീകരണം

കൺവെൻഷൻ നഗറിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ്‌ നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ ആവശ്യമായ ക്രമീകരണം ചെയ്യുന്നുണ്ട്. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും
സഹകരിക്കുന്നു. പമ്പാനദിയും മണൽതിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ട്.

കൊവിഡ് പ്രോട്ടോകോൾ പാലിച്ച്

പന്തലിൽ 200 പേർക്ക് പ്രവേശനം