vaccine

പത്തനംതിട്ട : ജില്ലയിൽ ആദ്യഘട്ട കൊവിഡ് വാക്സിനേഷൻ ഫെബ്രുവരി അഞ്ചിന് പൂർത്തിയാകും. ഇതുവരെ 12,425 പേർ വാക്സിൻ സ്വീകരിച്ചു. ഡോക്ടർമാർ , നഴ്സുമാർ, ആശാ വർക്കർ, ലാബ് ടെക്നീഷ്യൻ , അങ്കണവാടി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരാണ് ആദ്യഘട്ടത്തിൽ കൊവിഷീൽഡ് വാക്സിന് രജിസ്റ്റർ ചെയ്തത്. 22,000 പേർ രജിസ്റ്റർ ചെയ്തതിൽ 18,000 പേർക്ക് കൊവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ നൽകും. ഗർഭിണികൾക്കും അലർജി ഉള്ളവർക്കും വാക്സിൻ നൽകില്ല.

രണ്ടാം ഘട്ടത്തിൽ മുൻനിര (ഫ്രണ്ട് ലൈൻ) ജീവനക്കാർക്കാണ് വാക്സിൻ നൽകുക. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, പഞ്ചായത്ത്, ശുചീകരണ തൊഴിലാളികൾ എന്നിവരാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുക. മൂന്നാം ഘട്ടമായി അറുപത് വയസ് കഴിഞ്ഞവർക്കും അറുപത് വയസിന് താഴെയുള്ളവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും നൽകും. പിന്നീട് പൊതുജനങ്ങൾക്ക് എല്ലാവർക്കും വാക്സിൻ നൽകും. ഇതുവരെ വാക്സിൻ സ്വീകരിച്ചവരിൽ വലിയ ബുദ്ധിമുട്ട് ആർക്കും അനുഭവപ്പെട്ടിട്ടില്ല. വാക്സിനെടുത്തതിന്റെ പിറ്റേന്ന് ചിലയാളുകൾക്ക് ചെറിയ പനിയും തലവേദനയും അനുഭവപ്പെട്ടതൊഴിച്ചാൽ മറ്റ് അസ്വസ്ഥതകൾ ഒന്നും ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ആറ് മാസത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കും.

വാക്സിനെത്തി, പേടി വേണ്ടേ ?

കൊവിഡ് വാക്സിൻ എത്തിയതോടെ ഇനി പേടി വേണ്ട എന്ന വിശ്വാസത്തിലാണ് ചിലർ. എന്നാൽ അത് അങ്ങനെയല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ദിവസവും അഞ്ഞൂറിലധികം കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് വന്നവർക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. നിരവധി കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തമാസം മാരാമൺ, ചെറുകോൽപ്പുഴ, പി.ആർ.ഡി.എസ് ആഘോഷം എന്നിവ വരികയാണ്. കൊവിഡ് കേസുകൾ വർദ്ധിക്കാനാണ് സാദ്ധ്യത. ജാഗ്രത പാലിച്ചില്ലെങ്കിൽ കൊവിഡ് കേസുകൾ ഇനിയും വർദ്ധിക്കും.

"വാക്സിൻ എല്ലാവരും എടുക്കണം. കൊവിഡ് ബാധിച്ചവരും ആരോഗ്യ പ്രവർത്തകരും മാത്രമല്ല, മറ്റ് രോഗങ്ങളുള്ളവരും വാക്സിൻ എടുക്കണം. ഇതുവരെ മേജർ പ്രശ്നങ്ങൾ ഒന്നും ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും ഫലവത്തായ വാക്സിനാണ് നൽകിയിരിക്കുന്നത്. കൊവിഡ് കണക്കുകൾ വർദ്ധിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം.

സി.എസ് നന്ദിനി

ഡെപ്യൂട്ടി ഡി.എം.ഒ