minister
തിരുവല്ല പക്ഷിരോഗ നിർണ്ണയ കേന്ദ്രത്തിൽ അത്യാധുനിക ബയോ സേഫ്റ്റി ലെവൽ 2 ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവ്വഹിക്കുന്നു

തിരുവല്ല: പക്ഷിപ്പനി ഉൾപ്പെടെയുള്ള ജന്തുജന്യ രോഗങ്ങൾ കണ്ടെത്തി ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടാകാൻ കാലതാമസം ഉണ്ടാകുന്നതായി മന്ത്രി കെ.രാജു പറഞ്ഞു. തിരുവല്ല പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ അത്യാധുനിക ബയോ സേഫ്റ്റി ലെവൽ 2 ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആധുനിക സൗകര്യങ്ങളുള്ള ലാബുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കാനാകും. എന്നാൽ ഇവിടെ പക്ഷിപ്പനി കണ്ടെത്തിയാലും ഭോപ്പാലിലെയും ബാംഗ്ളൂരിലെയും ലാബുകളിൽ പരിശോധിച്ച് വീണ്ടും സ്ഥിരീകരിക്കാൻ കാത്തുനിൽക്കണം. ലാബിൽ സ്ഥിരീകരിച്ച വിവരം കേന്ദ്ര സർക്കാരിനെ അറിയിച്ച് അവിടെനിന്നും സംസ്ഥാനങ്ങളെ അറിയിക്കുന്ന രീതിയാണ് തുടർന്നുവരുന്നത്. നിലവിലെ ചട്ടങ്ങൾ പ്രകാരം കേന്ദ്ര സർക്കാരിന് മാത്രമേ രോഗത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്താനാകൂ. പകർച്ചയുണ്ടാകുന്ന ഇത്തരം രോഗങ്ങൾ അതിവേഗത്തിൽ സ്ഥിരീകരിക്കാൻ ഇത്രയും കാലതാമസം ഉണ്ടോയെന്ന് പരിശോധിക്കണം. ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളും അപഗ്രഥനങ്ങളും കണ്ടെത്തലും നടത്താനുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മഹാമാരികളെ ഇല്ലാതാക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ ബിന്ദു ജയകുമാർ, കൗൺസിലർമാരായ ജിജി വട്ടശേരിൽ,ജാസ് നാലിൽ പോത്തൻ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.ഉമ്മൻ പി രാജ്, ഡോ.ബേബി ജോസഫ്, ഡോ.എ.ജി ജിയോ തുടങ്ങിയവർ പ്രസംഗിച്ചു.

പക്ഷിപ്പനിക്കുള്ള ഏക കേന്ദ്രം

പക്ഷിപ്പനി കണ്ടെത്തുന്നതിനുള്ള സിറം പരിശോധനയ്ക്കുളള കേരളത്തിലെ ഏക കേന്ദ്രമാണിത്. സംസ്ഥാനത്തിന്റെ വിവിധ ബ്ലോക്കുകളിൽ നിന്ന് ശേഖരിക്കുന്ന പക്ഷികളുടെ സിറം മഞ്ഞാടിയിലെ ലാബിലായിരിക്കും ഇനി പരിശോധിക്കുക. പക്ഷിപ്പനിക്കിടയാക്കുന്ന വൈറസിനെതിരെയുളള ആന്റിബോഡി സാന്നിദ്ധ്യമാണ് ലാബിലെ പരിശോധനയിൽ കണ്ടെത്തുക. അന്തർദ്ദേശീയ മാനദണ്ഡമനുസരിച്ച് നിർമ്മിച്ചിരിക്കുന്ന ലാബിൽ ഒരുസമയം 90 സാമ്പിളുകൾ വരെ പരിശോധിക്കാൻ കഴിയും. കേന്ദ്ര സർക്കാർ സഹായത്തോടെ 52.7 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റ്‌കോയുടെ നേതൃത്വത്തിൽ ലാബ് നിർമ്മിച്ചത്.