കോന്നി: നാലുവർഷത്തിനുള്ളിൽ കോന്നി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ ലഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കോന്നി ഗവ.മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. 143 കോടിരൂപ മുതൽ മുടക്കിൽ ആരംഭിച്ച സീതത്തോട് കുടിവെള്ള പദ്ധതി ദ്രുതഗതിയിൽ നടക്കുകയാണ്. മൈലപ്ര, മലയാലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഡി.പി.ആറിന് അംഗീകാരം നൽകുന്നതിന് യോഗം ഉടൻ ചേരും. പ്രമാടം, കലഞ്ഞൂർ, ഏനാദിമംഗലം കുടിവെള്ള പദ്ധതികളുടെ ഡി.പി.ആർ തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 13.98 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് കോന്നി മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. കോന്നി മെഡിക്കൽ കോളജിലേക്കും അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാർഡുകളിലെ 5642 പേർക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതി. യോഗത്തിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി,അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്ററ് മണിയമ്മ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അജോ മോൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ദേവകുമാർ,വാട്ടർ അതോറിറ്റി ബോർഡ് അംഗം അലക്‌സ് കണ്ണമല,വിവിധ രാഷ്ട്റീയകക്ഷി നേതാക്കളായ എ.പി ജയൻ, ശ്യാംലാൽ,അമ്പിളി വർഗീസ്,കരിമ്പനാംകുഴി ശശിധരൻ നായർ,അബ്ദുൾ മുത്തലിഫ്, കെ.ജി രാമചന്ദ്രൻ പിള്ള, ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ ഉഷ രാധാകൃഷ്ണൻ, ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനിയർ സേതുകുമാർ എസ് തുടങ്ങിയവർ പ്രസംഗിച്ചു.