ചെങ്ങന്നൂർ: വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് ചെങ്ങന്നൂർ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. റിംഗ് റോഡ് മോഡലിൽ കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള ബൈപ്പാസാണ് ചെങ്ങന്നൂരിൽ നിർമ്മിക്കുന്നത്. സംസ്ഥാൻ സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 200 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ബൈപ്പാസ് നിർമ്മാണത്തിന്റെ ആദ്യഘട്ടമായി ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതലയോഗം നടന്നു. സ്ഥലം ഏറ്റെടുക്കാനുള്ള ജോയിന്റ് സർവേ പ്രവർത്തനം ഫെബ്രുവരി 3ന് ആരംഭിക്കും. സ്ഥലം ഏറ്റെടുക്കുന്നതിന് 65 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 6.80 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. 12 മീറ്ററാണ് വീതി. ഇതിന്റെ ഭാഗമായി 22 കലുങ്കുകളും നിർമ്മിക്കും. പദ്ധതി വരുന്നതോടെ എം.സി, എം.കെ റോഡുകളിലെ ദീർഘദൂര യാത്രക്കാർക്ക് നഗരത്തിലെ കുഴുക്കിൽ പെടാതെ യാത്രചെയ്യാനാകും. 2018ൽ സജി ചെറിയാൻ എം.എൽ.എ സർക്കാരിന് നൽകിയ വിശദമായ പദ്ധതിയെത്തുടർന്നാണ് ബൈപ്പാസിനായി തുക അനുവദിച്ചത്.
--------------------
ആരാധനാലയങ്ങൾ, വീടുകൾ എന്നിവ പരമാവധി ഒഴിവാക്കിയാണ് ബൈപ്പാസ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ഏവരുടെയും സഹകരണം ആവശ്യമാണെന്നും സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. വലിയ നിക്ഷേപവും പുത്തൻ സ്ഥാപനങ്ങളും ആയിരക്കണക്കിന് തൊഴിൽ സാദ്ധ്യതകളും ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകും. പദ്ധതി മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
സജി ചെറിയാൻ
(എം.എൽ.എ)
---------------------------------
ബൈപ്പാസിന്റെ വഴി
കല്ലിശേരിയിൽ നിന്നും ആരംഭിച്ച് മംഗലം പാലം, ഐ.ടി.ഐ ജംഗ്ഷനിൽ എത്തി എം.സി റോഡ് വഴി സെന്റർ ഹാച്ചറിയുടെ പുറക് വഴി റെയിൽവേ പാലം കടന്ന് മഠത്തുംപടി ജംഗ്ഷനിൽ എത്തും. എവിടെ നിന്നും പേരിശേരി റോഡിൽ എത്തി മുണ്ടൻകാവ് വഴി കല്ലിശേരിയിൽ എത്തും.
---------------------------------
-6.80 കിലോമീറ്റർ നീളം
-12 മീറ്റർ വീതി
-കിഫ്ബിയിൽ നിന്നും 200 കോടി
-സ്ഥലം ഏറ്റെടുപ്പിന് 65 കോടി
-സർവേ ഫെബ്രുവരി 3ന് ആരംഭിക്കും