അടൂർ : ജീവാമൃതം 2021ലൂടെ അടൂർ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതികൾക്ക് രൂപം നൽകിയതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിളിച്ചുചേർത്ത അദാലത്തിന്റെ നിർദേശപ്രകാരമാണ് വിവിധ പദ്ധതികൾ നടപ്പാക്കുക.
പന്തളം ശുദ്ധജല പദ്ധതിയിലൂടെ നഗരസഭയിലെ മുഴുവനാളുകൾക്കും വെള്ളമെത്തിക്കാൻ പൈപ്പ് ലൈൻ നീട്ടും. മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷി നേതാക്കളെയും ഉൾപ്പെടുത്തി നടത്തിയ ജീവാമൃതം കുടിവെളള അദാലത്തിന് മികച്ച പിന്തുണയാണ് ഓരോ പ്രദേശത്തും ലഭിച്ചത്. അടൂർ നഗരസഭ ഒഴിച്ച് എല്ലാ സ്ഥലങ്ങളിലും ജനപ്രതിനിധികൾ പങ്കെടുത്ത് ഓരോ പ്രദേശത്തെയും കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരങ്ങൾ നിർദേശിക്കുകയുണ്ടായി. പൊതുടാപ്പുകൾ പലതും പ്രവർത്തിക്കാത്ത അവസ്ഥയാണ്. എന്നാൽ പൊതു ടാപ്പുകളുടെ മുഴുവൻ കണക്കനുസരിച്ച് വാട്ടർ അതോറിറ്റിക്ക് പഞ്ചായത്തുകൾ പണം അടയ്ക്കുന്നുമുണ്ട്. പൊതുടാപ്പുകളിലെ എണ്ണം നിജപ്പെടുത്താനും പ്രവർത്തിക്കാത്തവ ഒഴിവാക്കി പണം അടയ്ക്കാതിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചിറ്റയം ഗോപകുമാർ എം.എൽ. എ പറഞ്ഞു. തുമ്പമൺ പഞ്ചായത്തിലും പന്തളം തെക്കേക്കര പഞ്ചായത്തിലും അച്ചൻകോവിലാറ്റിൽ നിന്ന് ശേഖരിക്കുന്ന ജലമാണ് ഉപയോഗിക്കുന്നത്. ഇവിടെ ഒരു മോട്ടർ മാത്രമാണ് പ്രവർത്തിക്കുന്നത് . ഇവിടെ മറ്റൊരു മോട്ടോർ സ്ഥാപിക്കാനും അദാലത്തിൽ തീരുമാനമായി. വാട്ടർ അതോറിറ്റിയുടെയും ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിന്റെയും സ്കീമുകൾ പരിശോധിച്ച് ഹാൻഡ് പമ്പുകൾ പ്രവർത്തിക്കാത്തത് ശരിയാക്കുന്നതിനും തുരുമ്പുപിടിച്ചവ മാറ്റുന്നതിനും നടപടിയായി. ഏഴംകുളം പഞ്ചായത്തിനും പട്ടാഴിക്കും ഏനാദിമംഗലത്തിനും കല്ലട ആറ്റിൽ നിന്ന് വെളളം ശേഖരിച്ച് പുതിയ പ്ളാന്റുണ്ടാക്കി കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് പുതിയ പദ്ധതി തയ്യാറാക്കി. കൂടാതെ ഏനാത്ത് കൊയ്പ്പള്ളി മലയിൽ പാറക്കുളത്തിലെ വെളളം ശുദ്ധീകരിച്ച് വീടുകളിൽ എത്തിക്കുന്നതിനും തീരുമാനമെടുത്തു. പള്ളിക്കലിൽ പുതിയ പദ്ധതി തയ്യാറാക്കുന്നതിനൊപ്പം നിലവിലുള്ള പദ്ധതികൾ പരിശോധിച്ച് കൂടുതൽ പ്രദേശത്ത് വെള്ളം എത്തിക്കും.