മല്ലപ്പള്ളി : കോട്ടയം-പത്തനംതിട്ട ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത ഒൻപതിലെ മല്ലപ്പള്ളി-പുല്ലാട് റോഡ് നവീകരണം നീളുന്നു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 2017-18 പദ്ധതിയിൽ 15 കോടി രൂപാ അനുവദിച്ച് റോഡ് നവീകരിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. കോട്ടയം-കോഴഞ്ചേരി കെ.കെ.റോഡ് കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നും ആരംഭിച്ച് കോഴഞ്ചേരിയിൽ അവസാനിക്കുന്നതാണ്. ഇതിൽ ആദ്യഘട്ടം കഞ്ഞിക്കുഴി മുതൽ നെടുങ്ങാടപ്പള്ളിവരെയും പിന്നീട് മല്ലപ്പള്ളി ജംഗ്ഷൻവരെ നീട്ടി പൊതുമരാമത്ത് വകുപ്പ് സഞ്ചാരയോഗ്യമാക്കിയിരുന്നു. രണ്ടാം ഘട്ടം മല്ലപ്പള്ളി ജംഗ്ഷൻ മുതൽ ഹൈസ്‌ക്കൂൾപടി വരെ 1.710 കിലോമീറ്റർ പൊതുമരാമത്ത് 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുകയും ചെയ്തു. ഇതിനിടെ 9 മാസം കൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കാൻ ചങ്ങനാശേരി ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു. ആദ്യഘട്ടത്തിൽ നിർദ്ദിഷ്ഠ തുകയിൽ നിന്നും 10.167 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് പുനക്രമീകരിച്ച് നൽകി. നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം 2018 ഒക്ടോബർ 16ന് വെണ്ണിക്കുളത്ത് നടന്നു. മല്ലപ്പള്ളി, വെണ്ണിക്കുളം, ഇരവിപേരൂർ പൊതുമരാമത്ത് സെക്ഷനുകളിൽ നിന്നും 2018 ഫെബ്രുവരി 5ന് കൊല്ലം ആസ്ഥാനമായ ദേശീയപാത വിഭാഗം ഈ റോഡ് ഏറ്റെടുത്തു.

ഇഴഞ്ഞു നീങ്ങുന്നത്

റോഡിന്റെ ഉപരിതലം 15 സെന്റീമീറ്റർ ഘനത്തിൽ വെറ്റ് മിക്സ് മെർക്കാഡം മിശ്രിതം നിരത്തി അടിത്തറ ഒരുക്കിയശേഷം 50 മി.മീറ്റർ ഘനത്തിൽ ബിറ്റുമിനസ് മെർക്കാഡവും 30 മി.മീറ്റർ ഘനത്തിൽ ബിറ്റുമിനസ് കോൺക്രീറ്റും വിരിച്ച് റോഡ് ദേശീയ നിലവാരത്തിൽ എത്തിക്കാനുള്ള പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്.

ടാറിംഗ് പൂർത്തിയായി, മറ്റു പ്രവൃത്തികൾ ബാക്കി

ഒരു കലുങ്കും, ചിലയിടങ്ങളിൽ ഓടയും, പാർശ്വഭിത്തികളും നിർമ്മാണത്തോടൊപ്പം പൂർത്തിയാക്കേണ്ടതാണ്. കൂടാതെ ട്രാഫിക് സേഫ്റ്റി പ്രവർത്തികളായ സൈൻ ബോർഡുകൾ, ക്രാഷ് ബാരിയേഴ്‌സ്, അതിരുകളുടെ മാർക്കിംഗ്, രാത്രിയിൽ തിളങ്ങുന്ന റോഡ് സ്റ്റഡുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 27 മാസം മുൻപ് ആരംഭിച്ച പണികളിൽ കഴിഞ്ഞ ദിവസം ടാറിംഗ് പൂർത്തിയാക്കിയെങ്കിലും മറ്റ് പ്രവർത്തികൾ മൂന്ന് വർഷം പിന്നിട്ടിട്ടും അവശേഷിക്കുകയാണ്. ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കലും, കൊവിഡ് വ്യാപനവും തടസമായെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ പാലാരിവട്ടവും, ആലപ്പുഴയും ഒന്നും കേരളത്തിലല്ലെ എന്നാണ് മറുവിഭാഗം ചോദിക്കുന്നത്. ഉപരിതലം പൂർത്തിയായ റോഡിൽ അവശേഷിക്കുന്ന പ്രവർത്തികൾ വൈകിയാൽ വൻഅപകട സാദ്ധ്യതയാണ് പതിയിരിക്കുന്നത്.

------------

മല്ലപ്പള്ളി - പുല്ലാട് റോഡിൽ അപകടകരമായ വിധത്തിൽ ഉയർന്നു നിർക്കുന്ന റോഡ് കട്ടിംഗ്.