പള്ളിക്കൽ : കുടിവെള്ളം മുട്ടി, പൊടിശല്യം, യാത്രാ ക്ലേശം, ഇങ്ങനെ സഹികെട്ട് ജീവിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമാകുന്നു. ഇനിയെങ്കിലും ഈ റോഡ് പണി ഒന്ന് തീർത്തു തരുമോ ? പള്ളിക്കൽ - പഴകുളം നിവാസികൾക്ക് ഇപ്പോൾ അധികൃതരോടുള്ള ചോദ്യമാണിത്. ആനയടി - കൂടൽ റോഡിന്റെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട് രണ്ട് വർഷമായി.ഇതുവരെയും ടാറിംഗ് തുടങ്ങിയിട്ടില്ല. ഓടകളുടെയും കലുങ്കുകളുടെയും നിർമ്മാണം അവാസ ഘട്ടത്തിലേക്ക് കടന്നിട്ടേയുള്ളു. റോഡരുകിൽ താമസിക്കുന്നവർക്കും യാത്രക്കാർക്കും പൊടിശല്യം ഒരു വശത്ത്. പൊളിച്ചിട്ടിരിക്കുന്ന റോഡിൽ കൂടിയുള്ള യാത്രാ ദുരിതം മറുവശത്ത്. റോഡിനായി വീതി കൂടിയപ്പോൾ കുടിവെള്ള പൈപ്പുലൈനുകൾ പൊട്ടിയതുകാരണം വെള്ളം വരവ് നിലച്ചത് മറ്റൊരു തീരാ ദുരിതം. അതിനാൽ ആനയടി - കൂടൽറോഡ് പണി എന്നു തീരും എന്നത് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ഇവിടുത്തുകാർ. ലോക്ക്ഡൗൺ നിർമ്മാണത്തെ കാര്യമായി ബാധിച്ചു. തുടർന്ന് കഴിഞ്ഞ ജൂൺ 13ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്യോഗസ്ഥരാടൊപ്പം നിർമ്മാണപ്രവർത്തനം വിലയിരുത്തി ഉടൻ നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നു.
ഇനിയും കടമ്പകൾ ഒരുപാട്
ഇപ്പോഴും ഉടൻ ടാറിംഗ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇനിയും കടമ്പകൾ ഒരുപാടാണ്. ഒന്ന് റോഡിന്റെ ഇരുസൈഡിലും കുടിവെള്ള പൈപ്പുലൈൻ സ്ഥാപിക്കണം. ഇതിനുള്ള നടപടികൾ ഒന്നുമായില്ല. റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യുതപോസ്റ്റുകൾ ഇപ്പോൾ റോഡിലായി. ഇത് മാറ്റി സ്ഥാപിക്കാൻ അനുമതിക്കായി കെ എസ് ഇ.ബിയോട് ആവിശ്യപ്പെട്ട് പൊതുമരാമത്ത് കത്ത് കൊടുത്തതേയുള്ളു. വൈദ്യുതി പോസ്റ്റ് മാറാൻ ഫണ്ട് കിഫ്ബി അനുവദിച്ചിട്ടില്ല.
---------------------------
ആനയടി - ചെറുകുന്നം,കൈതക്കൽ, പള്ളിക്കൽ, തെങ്ങമം ഭാഗത്തുള്ളവർ അടൂരിലേക്കും പന്തളത്തേക്കും പോരുന്ന പ്രധാന റോഡാണിത്. എത്രയും വേഗം ടാറിംഗും അബന്ധപ്രവർത്തനങ്ങളും എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം
(പ്രദേശവാസികൾ)
--------------------------------
-കലുങ്ക് നിർമ്മാണം പൂർത്തിയായില്ല
- പൊടി ശല്യം രൂക്ഷം
-കുടിവെള്ള പൈപ്പ് പൊട്ടി