തിരുവല്ല: നഗരസഭയിലെ റോഡിന്റെ നടുവിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് കെണിയാകുന്നു. നഗരസഭ 31-ാം വാർഡ് മന്നൻകരച്ചിറ - കാഞ്ഞിരുവേലി പാലം റോഡിലാണ് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും അപകട ഭീഷണിയായി കുഴി രൂപപ്പെട്ടിരിക്കുന്നത്.ഇവിടെ പൈപ്പിന്റെ വാൽവ് സ്ഥാപിച്ചിരുന്നതിന്റെ മുകളിലെ സ്ളാബ് തകർന്നാണ് കുഴിയുണ്ടാകാൻ കാരണം.യാത്രക്കാർക്ക് ഭീഷണിയായതോടെ നാട്ടുകാർ മുളനാട്ടി ചുവപ്പ് തുണി വിരിച്ചിട്ടുണ്ട്. റോഡിന്റെ മദ്ധ്യഭാഗത്ത് ഒരാഴ്ചയിലേറെയായി രൂപപ്പെട്ട വലിയ കുഴി രാത്രികാല യാത്രക്കാർക്കും ഭീഷണിയാണ്. ദിവസങ്ങളായിട്ടും ഇത് പരിഹരിക്കുന്നതിന് അധികാരികൾ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.