പത്തനംതിട്ട : റാന്നി ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ് എം പ്രസിഡന്റ് ശോഭാ ചാർളി രാജിവയ്ക്കണമെന്ന് ജില്ലാ എൽ.ഡി.എഫ് യോഗം ആവശ്യപ്പെട്ടതായ പ്രചാരണം ശരിയല്ലെന്ന് ജില്ലാ പ്രസിഡന്റ് എൻ.എം.രാജു.
റാന്നി ഗ്രാമപഞ്ചായത്ത് മാത്രമായി എൽ.ഡി.എഫ് യോഗം ചർച്ച ചെയ്തിട്ടില്ല. തദ്ദേശസ്ഥാപനങ്ങളിൽ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പല വിഷയങ്ങളും യോഗം ചർച്ച ചെയ്തു. ഇതിൽ റാന്നിയും ഉൾപ്പെട്ടിരിക്കാം. പക്ഷേ റാന്നിയിലെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രാദേശികതലത്തിൽ മുന്നണി ബന്ധങ്ങൾക്ക് പുറത്തുള്ള ബന്ധങ്ങളാണെങ്കിൽ ഇതേക്കുറിച്ച് ബന്ധപ്പെട്ട ഘടകങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കണമെന്ന നിർദേശമാണുണ്ടായതെന്ന് രാജു പറഞ്ഞു.
റാന്നിക്കു പുറമേ പത്തനംതിട്ട നഗരസഭ, കോയിപ്രം, ചിറ്റാർ, കോട്ടാങ്ങൽ, കോഴഞ്ചേരി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ എൽ.ഡി.എഫുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊതുചർച്ചയാണുണ്ടായതെന്നാണ് നേതാക്കൾ പറയുന്നത്. മുന്നണി ബന്ധങ്ങൾക്കപ്പുറത്ത് എന്തെങ്കിലും ധാരണകൾ ഉണ്ടെങ്കിൽ പരിശോധിക്കണമെന്ന് പ്രാദേശികഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമലയും പറഞ്ഞു.