school
school

കെട്ടിടം പൊളിക്കാൻ ലേലം എടുത്തവർ തുകയടക്കാതെ പിന്മാറി


കെട്ടിടം പൊളിയ്ക്കാൻ ടെൻഡർ

8.4 ലക്ഷം

ഓച്ചിറ: പ്രധാന കെട്ടിടത്തിന്റെ ബലക്ഷയം കാരണം ക്ലാസ് മുറികളുടെ എണ്ണത്തിൽ അഭാവം നേരിടുന്ന ഓച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ വികസനത്തിന് തടസമായി കെട്ടിടം പൊളിക്കുന്നതിന് ലേലത്തിനെടുത്തവരുടെ ഒത്തുകളി. നാലുകെട്ട് മാതൃകയിലുള്ള പഴയ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായതിനെ തുടർന്ന് 3 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ഉണ്ട്. സ്ഥലപരിമിതി കാരണം നിലവിലുള്ളകെട്ടിടം പൊളിച്ചുമാറ്റി അവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായിരുന്നു തീരുമാനം. ഇക്കഴിഞ്ഞ നവംബർ നാലിന് ഇതിനായി ജില്ലാപഞ്ചായത്ത് ടെൻഡർ വിളിച്ചു. 8.4 ലക്ഷം രൂപക്കാണ് കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ ഉറപ്പിച്ചത്. പുറമെ പതിനെട്ട് ശതമാനം ജി.എസ്.ടിയും സർക്കാരിന് ലഭിക്കും.തുടർന്ന് ലേലത്തുക അടക്കുന്നതിന് അധികൃതർ പലപ്രാവശ്യം നിർദ്ദേശിച്ചിട്ടും തുക അടച്ചില്ല.

പോളിംഗ് ബൂത്തായപ്പോൾ

തത്ക്കാലത്തേക്ക് കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഓച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിനെ മറയാക്കിയാണ് ലേലത്തുക അടക്കാതിരുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കെട്ടിടം പോളിംഗ് ബൂത്തായി പ്രഖ്യാപിച്ചതിനാലാണ് പഞ്ചായത്ത് അധികൃതർ താത്ക്കാലികമായി കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് സ്കൂൾ അധികൃതർ മറ്റൊരു കെട്ടിടം പോളിംഗ് ആവശ്യത്തിനായി നൽകി പ്രശ്നം പരിഹരിച്ചു.

കെട്ടിടം പൊളിക്കുന്നതിനുള്ള തടസം മാറിയെങ്കിലും കെട്ടിടം ലേലത്തിനെടുത്തവർ ലേലത്തുക അടക്കാതെ പിന്മാറുകയായിരുന്നു. 2000 രൂപ നിരതദ്രവ്യം മാത്രമേ അധികൃതർ വാങ്ങിയിരുന്നുള്ളൂ. ഇത് ലേലത്തിൽ നിന്നുള്ള പിന്മാറ്റം എളുപ്പമാക്കി.

തുശ്ചമായ തുകയ്ക്ക് പഴയ കെട്ടിടം ലേലത്തിനെടുക്കുന്ന ഒരു മാഫിയ സംഘം ഓച്ചിറയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്തെ ചില രാഷ്ട്രീയക്കാരുടെ പിന്തുണയിലാണ് ഇവർ പ്രവർത്തിക്കുന്നത്. പുനർലേലത്തിൽ കുറഞ്ഞ തുകയ്ക്ക് കെട്ടിടം ലേലത്തിനെടുക്കാം എന്ന ഉറപ്പിലാണ് ഇവർ പിന്മാറിയിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ പൊതുജനങ്ങൾക്കുമുന്നിൽ തുറന്ന് കാട്ടണം. സന്തോഷ് തണൽ, പൂർവവിദ്യാർത്ഥി

എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ സ്കൂളിന്റെ വികസനം സാദ്ധ്യമാവുകയുള്ളൂ. കെട്ടിടം പൊളിക്കുന്നതിന് കള്ളക്കളി നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം.

ഭാരവാഹികൾ- മഹാകൂട്ടായ്മ- പൂർവ വിദ്യാർത്ഥിസംഘടന.

കഴിഞ്ഞ ജില്ലാപഞ്ചായത്തിന്റെ ഭരണകാലത്താണ് പുതിയ കെട്ടിടനിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചത്. കെട്ടിടം പൊളിക്കുന്നതിന് ലേലത്തിനെടുത്തവർ ലേലത്തുക അടക്കാതെ ലേലത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്. പുനർ ലേലം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ലേലം എടുത്തിട്ടും കെട്ടിടം പൊളിക്കാതെ പിന്മാറിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാൻ അധികൃതരോട് ആവശ്യപ്പെടും.

അനിൽ.എസ്.കല്ലേലിഭാഗം- ജില്ലാ പ‌ഞ്ചായത്തംഗം