photo
പവിത്രേശ്വരം വില്ലേജ് ഓഫീസ്

കൊല്ലം: പവിത്രേശ്വരം വില്ലേജ് ഓഫീസിന്റെ 'സ്മാർട്ട്' സ്വപ്നം ഇപ്പോഴും ഏറെ അകലെ. തകർന്ന് വീഴാറായ കെട്ടിടത്തിൽ ഓഫീസിന്റെ പ്രവർത്തനം വീർപ്പുമുട്ടുന്നു. പൊട്ടിയ ഓടുകളും മേൽക്കൂരയുമൊക്കെയായി ഓഫീസ് കെട്ടിടം തീർത്തും നാണക്കേടുണ്ടാക്കുകയാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക വില്ലേജ് ഓഫീസുകളും സ്മാർട്ട് ആകുമ്പോഴും പവിത്രേശ്വരത്തെ വില്ലേജ് ഓഫീസിനെ അധികൃതർ മറന്നു. ഇടയ്ക്ക് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ശ്രമഫലമായി 49 ലക്ഷം രൂപ ഇവിടെ കെട്ടിട നിർമ്മാണത്തിന് അനുവദിച്ചുവെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നാളിതുവരെ അതിന്റെ നടപടിക്രമങ്ങൾ ഒന്നുമായില്ല.

നിലംപൊത്താറായി മേൽക്കൂര

ദിനംപ്രതി കെട്ടിടം ശോച്യാവസ്ഥയിലേക്ക് നീങ്ങുകയാണ്. കാറ്റും മഴയുമുണ്ടാകുമ്പോൾ മേൽക്കൂര നിലംപൊത്തുമോയെന്ന ഭീതിയോടെയാണ് ജീവനക്കാർ സമയം തള്ളിനീക്കുക. പവിത്രേശ്വരം ജംഗ്ഷനിൽത്തന്നെയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇടിഞ്ഞുപൊളിയാറായ ഓഫീസ് കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് സർക്കാരിനുതന്നെ നാണക്കേടുണ്ടാക്കുകയാണ്. പൊതുജനങ്ങൾക്ക് ഇവിടെ എത്തിയാൽ ഇരിക്കാൻ ഇരിപ്പിടങ്ങളില്ല, നിൽക്കാൻപോലും സ്ഥലവുമില്ലാത്ത സ്ഥിതിയാണ്. പ്രായമായവരാണ് ഓഫീസിലെത്തുന്നതെങ്കിലും ഇരിക്കാൻ സൗകര്യമില്ലാത്തത് വലിയ ബുദ്ധിമുട്ടുളവാക്കുന്നുണ്ട്. കൊവിഡ് വന്നതോടെ റിബൺ കെട്ടി ആളുകൾക്ക് അകത്തേക്ക് പ്രവേശിക്കാനാകാത്ത വിധം തടയുണ്ടാക്കിയിട്ടുമുണ്ട്. മുൻപ് മുറിച്ചുമാറ്റിയ മരത്തിന്റെ തടികളും ഈ കോമ്പൗണ്ടിൽത്തന്നെ സൂക്ഷിച്ചിരിക്കയാണ്. അസൗകര്യങ്ങൾ കൂടിവരുമ്പോഴും അധികൃതർ കണ്ണുതുറക്കുന്നില്ല.

സ്മാർട്ടാകാൻ തടസം

പവിത്രേശ്വരം ജംഗ്ഷനിൽ ആറര സെന്റ് ഭൂമിയാണ് വില്ലേജ് ഓഫീസിനുള്ളത്. പത്ത് സെന്റ് ഭൂമിയിൽ കുറവുള്ളിടത്ത് സ്മാർട്ട് വില്ലേജ് പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മതിയായ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കാൻ വേണ്ടുന്ന ഭൂമി ഇവിടെയുണ്ടെന്നകാര്യം ബോധപൂർവം മറക്കുന്നു. തകർച്ചയിലായ കെട്ടിടം പൊളിച്ച് നീക്കം മണ്ണ് നീക്കി തറനിരപ്പാക്കി പുതിയ കെട്ടിടം നിർമ്മിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. എം.എൽ.എ ഇടപെട്ട് തുക അനുവദിപ്പിച്ചിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. പരിഹരിക്കാൻ കഴിയാത്ത തടസങ്ങൾ എന്താണെന്നാണ് നാട്ടുകാരും ചോദിക്കുന്നത്. പവിത്രേശ്വരം വില്ലേജ് ഓഫീസിനെ സംബന്ധിച്ച് കൈക്കൂലിക്കേസിൽ മൂന്ന് മാസം മുൻപ് നാണക്കേടുണ്ടായിരുന്നു. വില്ലേജ് ഓഫീസറടക്കം കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടതാണ്. ഇനി കെട്ടിടം തകർന്നുവീണതിന്റെ നാണക്കേടും ദുരന്തവും ഉണ്ടാകരുതെന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ.