photo
എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസ് പ്രവർത്തിച്ചുവരുന്ന കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ

കൊല്ലം: കൊട്ടാരക്കരയിലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസിന് ഒന്നാം പിറന്നാൾ അടുക്കുന്നു. പ്രവർത്തനം ഇപ്പോഴും അസൗകര്യങ്ങൾക്കിടയിൽ തന്നെ . സിവിൽ സ്റ്റേഷന്റെ മുകളിൽ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായപ്പോൾ എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസിന് വേണ്ടി മുറികൾ നീക്കിവച്ചിട്ടുണ്ടെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. നാളുകൾ നീണ്ടുപോകുമ്പോൾ തീർത്തും ബുദ്ധിമുട്ടിലാണ് ഓഫീസിന്റെ പ്രവർത്തനങ്ങൾ. കഴിഞ്ഞ ജനുവരി മൂന്നാം വാരത്തിലാണ് ജില്ലയ്ക്ക് അനുവദിച്ച എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫീസ് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിലെ കുടുസുമുറിയിൽ പ്രവർത്തനം തുടങ്ങിയത്. ഇതിന് സമീപത്തുതന്നെ ജോ.ആർ.ടി.ഓഫീസിന് മെച്ചപ്പെട്ട സൗകര്യങ്ങളുള്ളപ്പോഴാണ് റാങ്കിൽ മുകളിലുള്ള എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ ഓഫീസും അനുബന്ധ സൗകര്യങ്ങൾക്കും തട്ടിക്കൂട്ട് സംവിധാനങ്ങൾ മാത്രമുള്ളത്.

50 ലക്ഷം രൂപ സർക്കാർ ഖജനാവിലേക്ക്

റോഡപകടങ്ങൾ കുറയ്ക്കുന്നതിന് രൂപം നൽകിയ സേഫ് കേരള പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിൽ 10 ആർ.ടി.ഒ തസ്തികകൾ അനുവദിച്ചതിൽ ജില്ലയ്ക്ക് ലഭിച്ച ഓഫീസാണ് കൊട്ടാരക്കരയിൽ തുടങ്ങിയത്. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കരയിൽ അപകടങ്ങൾ വർദ്ധിക്കുന്നെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് ആർ.ടി ഓഫീസ് കൊട്ടാരക്കരയിൽ അനുവദിച്ചത്. എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസ് കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങിയ ശേഷം മാസം കുറഞ്ഞത് 50 ലക്ഷം രൂപ സർക്കാർ ഖജനാവിലേക്ക് എത്തുന്നുണ്ട്. മതിയായ രേഖകളില്ലാത്തതും മറ്റ് ക്രമക്കേടുകൾ നടത്തുന്നതുമായ വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കിയാണ് ഈ തുക കണ്ടെത്തുന്നത്.

കുടുസ് മുറികളിൽ പ്രവർത്തനം

ആർ.ടി.ഓയും വെഹിക്കിൾ ഇൻസ്പെക്ടർമാരും അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരുമടക്കം അൻപതിനടുത്ത് ഉദ്യോഗസ്ഥരാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസിലുള്ളത്. ആർ.ടി.ഓയ്ക്ക് ഇരിക്കാനായി ഒരു കുടുസ് മുറിയും മറ്റുള്ളവർക്കെല്ലാം കൂടി ഒരു ഹാളുമാണ് ഇവിടെയുള്ളത്. നേരത്തേ സ്റ്റോർ റൂമായി പ്രവത്തിച്ചിരുന്നതാണ് ഈ ഹാൾ. ഇവിടെ ആവശ്യമായ ഫർണിച്ചറുകളോ രേഖകൾ സൂക്ഷിക്കാനുള്ള സ്ഥലമോ ഇല്ല. ആർ.ടി ഓഫീസിനോട് ചേർന്നുതന്നെയുള്ള ജോ. ആർ.ടി ഓഫീസിന് മെച്ചപ്പെട്ട സൗകര്യങ്ങളുണ്ട്. എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസ് വഴി ഈടാക്കുന്ന പെറ്റി അടയ്ക്കുന്നതിനും നിലവിൽ ജോ. ആർ.ടി ഓഫീസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

50 കാമറകളും ഉടനെത്തും

മോട്ടോർ വാഹനവകുപ്പിന്റെ അൻപത് കാമറകൾ ഉടൻ ജില്ലയിലെ നിരത്തുകളിൽ സ്ഥാപിക്കും. ഹെൽമറ്റ് ഇടാത്തതും രണ്ടിൽക്കൂടുതൽപേർ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും സീറ്റ് ബെൽട്ട് ഇടാതെ കാറുകളും മറ്റും ഡ്രൈവ് ചെയ്യുന്നതും നമ്പർ പ്ളേറ്റുകളിലെ കൃത്രിമവുമടക്കം നിരത്തുകളിലെ ക്രമക്കേടുകളെല്ലാം കാമറക്കണ്ണുകൾ ഒപ്പിയെടുക്കും. കെൽട്രോണിനെയാണ് ഇതിന്റെ പ്രവർത്തന ചുമതല ഏൽപ്പിച്ചിട്ടുള്ളത്. സർവേ പൂർത്തിയാക്കിയതിനാൽ ഉടൻതന്നെ കാമറകൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങും. എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസിലാണ് ഇതും സജ്ജീകരിക്കേണ്ടത്. പുതിയ ഓഫീസ് സംവിധാനം ലഭിക്കാതെ കാമറകളും പ്രവർത്തിപ്പിക്കാൻ കഴിയില്ല.