തഴവ: കുലശേഖരപുരം, തഴവ പഞ്ചായത്തുകളിൽ മാത്രമായി ഏകദേശം മൂവായിരത്തി അഞ്ഞൂറിൽപ്പരം തൊഴിലുറപ്പ് തൊഴിലാളികളുണ്ട്. എന്നാൽ കാർഷിക മേഖല, പരമ്പരാഗത തൊഴിൽ മേഖലകൾ എന്നിവയിൽ നിന്നും പൂർണമായും ഒഴിവാക്കിയ തൊഴിലാളികളെ കിണർ, കോഴിക്കൂട് ,തൊഴുത്ത് എന്നിവയുടെ നിർമ്മാണത്തിനാണ് കൂടുതലായി ഉപയോഗിക്കുന്നത്. കിണർ നിർമ്മിക്കുന്ന ജോലി വിദഗ്ദ്ധ തൊഴിലാളികൾക്കേ ചെയ്യുവാൻ കഴിയുകയുള്ളു എന്നതിനാൽ ഇത് ഏതെങ്കിലും കരാറുകാർക്ക് മറിച്ചു കൊടുത്ത ശേഷം തൊഴിലാളികളുടെ പേരിൽ വരുന്ന പണം തിരികെ വാങ്ങി കരാറുകാർക്ക് കൊടുക്കുകയാണ് ഇപ്പോഴത്തെ പതിവ്. ഇതോടെ ജോലിയും കൂലിയും നഷ്ടപ്പെടുന്ന തൊഴിലാളികൾ നോക്കുകുത്തികളാകേണ്ട ഗതികേടാണ് ഉള്ളത്.
ഗുരുതരമായ അനാസ്ഥ
കിണർ, കോൺക്രീറ്റ് റോഡുകൾ, തൊഴുത്ത്, അങ്കണവാടി കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കുവാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കഴിയില്ലെന്ന് അധികൃതർക്ക് വ്യക്തമായ ധാരണയുണ്ടായിട്ടും ഇക്കാര്യത്തിൽ ഗുരുതരമായ അനാസ്ഥയാണ് തുടരുന്നത്.
നെൽവയലുകൾ വൃത്തിയാക്കുന്നത് ഒഴിച്ചാൽ വിത്ത് വിതയ്ക്കൽ, ഇടകിളയ്ക്കൽ, കൊയ്ത്ത് തുടങ്ങിയ ജോലികളിൽ നിന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഒഴിവാക്കി നിറുത്തുകയാണ് പതിവ്. ഏക്കർ കണക്കിന് നെൽപ്പാടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് കൊടുത്ത് കൃഷിയിറക്കി അതാത് ഗ്രാമപഞ്ചായത്തുകൾ നേട്ടം ആഘോഷിക്കുമ്പോൾ ഇതിന്റെ ലാഭം പാട്ടക്കാരന് മാത്രം ലഭിക്കുന്ന അവസ്ഥയാണുള്ളത്.
പരമ്പരാഗത തൊഴിലിലേയ്ക്ക്
പഞ്ചായത്തുകളിലെ മുഴുവൻ തൊഴിലാളികൾക്കും തൊഴിലെടുക്കുവാനുള്ള നെൽപ്പാടങ്ങൾ നിലവിലുണ്ടെങ്കിലും വിവിധ സർക്കാർ മാനദണ്ഡങ്ങൾ ഇതിനും വെല്ലുവിളിയാകുകയാണ്.
പരമ്പരാഗത തൊഴിൽ മേഖലകളുടെ നിലനിൽപ്പിന് പ്രതിവർഷം സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ പരമ്പരാഗത തൊഴിവുകളായ കയർ ,കൈത്തറി, തഴപ്പായ് എന്നിവയ്ക്ക് പേരുകേട്ട തഴവ ,കുലശേേഖരപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവർത്തകരെ ഈ മേഖലയിൽ ഉപയോഗിക്കുവാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്
.