kollam-bypass
കൊല്ലം ബൈപ്പാസിലെ ടോൾ പ്ളാസ

കൊല്ലം: ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കുന്നതോടെ ഇടറോഡുകളിൽ തിരക്ക് കൂടാനും അപകടങ്ങൾ തുടർക്കഥയാകാനും സാദ്ധ്യത. ടോൾ ഒഴിവാക്കാൻ വാഹനയാത്രികർ കൊല്ലം നഗരത്തിലൂടെ യാത്ര തുടർന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്കും പഴയപടിയാകും.

ബൈപ്പാസിൽ കാവനാട് -കുരീപ്പുഴ പാലത്തിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറിയാണ് ടോൾ പ്ലാസ സ്ഥിതി ചെയ്യുന്നത്. പാലത്തിനും ടോൾ പ്ലാസയ്ക്കും മദ്ധ്യേ വലത്തോട്ടും ഇടത്തോട്ടുമായി നാല് ഇടറോഡുകളുണ്ട്. ഈ റോഡുകളിലൂടെ മാറി സഞ്ചരിച്ചാൽ മതി,​ ടോൾ നൽകാതെ ബൈപ്പാസ് യാത്ര തുടരാം.

അഞ്ചാലുംമൂട്, കുണ്ടറ ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണമായും ഇടറോഡുകൾ ഉപയോഗപ്പെടുത്താനാണ് സാദ്ധ്യത. വീതികുറവുള്ള ഇടറോഡുകളിൽ വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾ വർദ്ധിക്കാനും ഇടയാക്കും.

കാവനാട് മുതൽ മേവറം വരെ കൊല്ലം ബൈപ്പാസിലൂടെ 13.14 കിലോ മീറ്ററാണ് ദൂരം. ഇതേ യാത്ര നഗരത്തിലൂടെയാണെങ്കിൽ ഏകദേശം അര കിലോമീറ്റർ മാത്രമാണ് കൂടുതൽ. ഭീമമായ തുക ടോൾ നൽകി ബൈപ്പാസിലൂടെ യാത്ര ചെയ്യുന്നതിലും ലാഭം നഗരത്തിലൂടെ സഞ്ചരിക്കുന്നതാണെന്ന് യാത്രക്കാർ ചിന്തിക്കാം. ഇതോടെ ബൈപ്പാസിന്റെ പൂർണമായ പ്രയോജനവും ലഭിക്കില്ല.

 ടോൾ പിരിക്കും, ഈ മാസം തന്നെ

2019 ജനുവരിയിലാണ് ബൈപ്പാസ് പണി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അന്നുതന്നെ ടോൾ പ്ലാസയുടെ നിർമ്മാണവും പൂർത്തീകരിച്ചിരുന്നെങ്കിലും ടോൾ പിരിക്കുന്നതിൽ ദേശീയപാതാ അതോറിറ്റി തീരുമാനമെടുത്തിരുന്നില്ല. ടോൾ പിരിവ് ആരംഭിക്കണമെന്ന് കാട്ടി കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. സംസ്ഥാന സർക്കാരിന് എതിർപ്പുണ്ടെങ്കിലും ഈ മാസം പകുതിയോടെ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് സൂചന.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തുല്യസാമ്പത്തിക പങ്കാളിത്തത്തോടെ നിർമ്മിച്ച ബൈപ്പാസിൽ ടോൾ പിരിക്കുന്നത് നീതീകരിക്കാനാകില്ല. അടുത്ത വർഷത്തോടെ രാജ്യത്തെ എല്ലാ ദേശീയപാതകളും ടോൾരഹിതമാക്കുമെന്ന് കേന്ദ്രമന്ത്രി തന്നെ പ്രഖ്യാപിക്കുകയും രണ്ടുവരിപ്പാത മാത്രമുള്ള ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കാത്തതാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര ഗതാഗത മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. പാർലമെന്റിലും വിഷയം ഉന്നയിക്കും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി

ബൈപ്പാസിൽ ടോൾ പിരിവ് ഏർപ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ല. സംസ്ഥാന സർക്കാരിന്റെ കൂടി പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂർത്തീകരിച്ചതെന്നത് മറന്നുകൊണ്ടാണ് ടോൾ പിരിവ് നടത്താനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന തീരുമാനം പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണം.

എം. മുകേഷ് എം.എൽ.എ