vattakkayal
വട്ടക്കായൽ

കൊല്ലം: ടൂറിസം പദ്ധികളടക്കം വിജയം നേടാൻ വട്ടക്കായലിലേക്ക് റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ സൗകര്യത്തിൽ റോ‌ഡില്ലെന്നത് വട്ടക്കായലിന്റെ വികസന സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുകയാണ്.

കായലിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം സ്വകാര്യ പുരയിടങ്ങളാണ്. ഇവയ്ക്കിടയിലൂടെ കായലിലേക്ക് ചെറുവഴികളുണ്ടെങ്കിലും വാഹനങ്ങൾക്ക് കടന്നുവരാനാകില്ല. വെൺകുളം റോഡിൽ നിന്ന് പടന്നയിൽ ഭാഗം വഴിയോ മരുത്തടി റോഡിൽ നിന്ന് കൊച്ചുമരുത്തടി ക്ഷേത്രത്തിന് സമീപത്ത് കൂടിയോ റോഡ് നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നഗരസഭയുടെ ഭാഗമാണെങ്കിലും മരുത്തടി മേഖലയിൽ കാര്യമായ വികസനമെന്നും ഇതുവരെ ഉണ്ടായിട്ടില്ല. വട്ടക്കായൽ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി വന്നാൽ പ്രദേശത്തിന്റെ പ്രധാന്യം വർദ്ധിക്കുമെന്നാണ് ഇവിടത്തുകാരുടെ പ്രതീക്ഷ.

ജനകീയ സമരം തുടങ്ങും

വാട്ടക്കായൽ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ സംഘടിപ്പിച്ച് സമരം ആരംഭിക്കും. തങ്ങൾ അധികാരത്തിലെത്തിയാൽ വട്ടക്കായൽ സംരക്ഷണത്തിന് സമഗ്രമായ പദ്ധതി നടപ്പാക്കുമെന്ന് ഇടത് മുന്നണി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞിരുന്നു. നൂറ് ദിവസത്തിനുള്ളിൽ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് മേയർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ വട്ടക്കായൽ സംരക്ഷണവും ഉൾപ്പെടുത്തണം. വേനൽക്കാലമായതിനാൽ ഇനിയുള്ള അഞ്ച് മാസക്കാലം ഏത് പദ്ധതികൾക്കും അനുകൂലമായ അവസരമാണ്. കായൽ സംരക്ഷിച്ച് മത്സ്യക്കൃഷി ശാസ്ത്രീയമായി ആരംഭിച്ചാൽ പ്രദേശവാസികൾക്ക് തൊഴിലും വരുമാനവുമാകും.

അഡ്വ. എസ്. ഷേണാജി (ജില്ലാ ചെയർമാൻ, കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ്)