കൊവിഡ് അകലത്തിൽ സ്കൂളുകളിൽ ആദ്യദിനം
കൊല്ലം: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ നേരിൽ കണ്ടിട്ടും കൂട്ടുകാർ കാര്യമായി മിണ്ടിയില്ല. കൂട്ടുകൂടി കളിച്ചില്ല. ബഞ്ചിന്റെ പല അറ്റങ്ങളിലിരുന്ന് പഠിച്ച് ഈ അദ്ധ്യയന വർഷത്തെ ആദ്യദിനം പിന്നിട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ഇന്നലെ ക്ലാസ് തുടങ്ങിയത്.
ഭൂരിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കൾക്കൊപ്പമാണ് എത്തിയത്. ഗേറ്റിന് മുന്നിൽ ശരീരോഷ്മാവ് പരിശോധിച്ചു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിച്ചു. ക്ലാസിന് മുന്നിലെത്തിയപ്പോൾ വാതിലിൽ ടീച്ചർ നിൽക്കുന്നു. വരുന്നവരെ ഓരോരുത്തരെയായി ടീച്ചർ ബഞ്ചിന്റെ ഒന്നിടവിട്ട് എതിർവശങ്ങളിലിരുത്തി. മാസ്ക് ഒരു കാരണവശാലും ഊരരുതെന്ന് ടീച്ചറുടെ ആദ്യ നിർദ്ദേശം. ചിലർ സംശയങ്ങൾ കുറിച്ചുകൊണ്ടുവന്നിരുന്നു. ശാസ്ത്ര വിഷയങ്ങളിലെ സംശയ നിവാരണങ്ങൾ പൂർണ വിശദീകരണത്തിലേക്ക് മാറി.
ആദ്യ പിരീഡ് കഴിഞ്ഞ് ബൈൽ മുഴങ്ങിയപ്പോൾ പലരും കരുതി പുറത്തിറങ്ങി ഇത്തിരി നേരം മിണ്ടിപ്പറയാമെന്ന്. പക്ഷെ സ്റ്റാഫ് റൂമിലേക്ക് പോകാതെ ടീച്ചർ ക്ലാസിൽ തന്നെ നിന്നു. അഞ്ചുപേരെ വീതം മാത്രമാണ് പുറത്തേക്ക് വീട്ടത്. ക്ലാസ് തീർന്നപ്പോഴും ഒരുമിച്ച് വിട്ടില്ല. അപ്പോഴും അഞ്ചുപേരെ വീതമാണ് വീട്ടിലേക്ക് അയച്ചത്. വഴിയിലൊന്നും നിൽക്കരുതെന്നും ടീച്ചറുടെ നിർദ്ദേശമെത്തി. ഭൂരിഭാഗം സ്കൂളുകളിലും രണ്ട് ഷിഫ്ടുകളായാണ് ഇന്നലെ ക്ലാസ് നടന്നത്. പലയിടങ്ങളിലും രാവിലെ പെൺകുട്ടികൾക്കും ഉച്ചയ്ക്ക് ശേഷം ആൺകുട്ടികൾക്കുമാണ് ക്ലാസ് ക്രമീകരിച്ചിരുന്നത്. ഇന്നലെ എല്ലാ അദ്ധ്യാപകരും സ്കൂളുകളിലെത്തി. തിങ്കളാഴ്ച മുതൽ ഓരോ ദിവസവും ക്ലാസ് ക്രമീകരിച്ചിട്ടുള്ള അദ്ധ്യാപകരെ എത്തുകയുള്ളൂ.
ഹാജർ കുറവ്
പല സ്കൂളുകളിലും 80 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഇന്നലെ എത്തിയത്. വരാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ കൊവിഡ് സെൽ അംഗങ്ങൾ ശേഖരിച്ചു. തിങ്കളാഴ്ച മുതൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ.
തുറന്നത്
ഹൈസ്കൂൾ: 233
ഹയർ സെക്കൻഡറി: 138