v
ചിന്നകടയിലെ പുതിയ സിഗ്നൽ ലൈറ്റ്

കൊല്ലം : ചിന്നക്കട റൗണ്ടിന് ചുറ്റും പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് ചിന്നക്കടയിലേക്ക് വരുന്ന വാഹനങ്ങൾ സിഗ്നലിൽ കുടുങ്ങാതെ സുഗമമായി പോകാനും റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ക്ളോക്ക്‌ ടവർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പാലത്തിനടിയിലൂടെ സഞ്ചരിക്കാനുമാണ് മേൽപ്പാലം പുതുക്കിപ്പണിതത്. വർഷങ്ങൾക്കിപ്പുറം ചിന്നക്കട റൗണ്ടിൽ പുതിയ സിഗ്നൽ സംവിധാനം വരുമ്പോൾ ഗതാഗത നിയന്ത്രണം മുമ്പുണ്ടായിരുന്ന അതേ തരത്തിലേക്ക് മാറുകയാണ്. പിന്നെന്തിനായിരുന്നു കോടികൾ ചെലവഴിച്ച് പാലം നിർമ്മിച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. പാലം വന്നതോടെ ക്ളോക്ക്‌ ടവർ ഭാഗത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെങ്കിൽ പോസ്റ്റ് ഓഫീസിന് മുന്നിലൂടെ പാർവതി മിൽ ജംഗ്‌ഷനിലെത്തി 'യു' ടേൺ എടുക്കണം. മതിയായ പാർക്കിംഗ് സൗകര്യം പോലുമില്ലാത്ത നഗരകേന്ദ്രത്തിൽ പാലം നിർമ്മിച്ചപ്പോൾ അതിനടിവശം പാർക്കിംഗിനായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും അന്ന് അധികൃതർ ചെവിക്കൊണ്ടിരുന്നില്ല. നഗരത്തിൽ ചുറ്റിക്കറങ്ങി യാത്രാബസുകൾ സർവീസ് നടത്തിയപ്പോൾ കിഴക്കൻ മേഖലയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ചിന്നക്കട ബസ് സ്റ്റാൻഡ് പൂർണമായും ഒഴിവാക്കിയതും പാലം നിർമ്മാണത്തിന്റെ ബാക്കിപത്രമായിരുന്നു.

5 സിഗ്നലുകൾ

ചിന്നക്കട റൗണ്ടിൽ നേരത്തെ നാല് സിഗ്നലുകളാണുണ്ടായിരുന്നത്. പുതിയ സിഗ്നൽ സംവിധാനം വരുന്നതോടെ ഇവയുടെ എണ്ണം അഞ്ചായി. പാലം ഇറങ്ങി വരുന്ന വാഹനങ്ങളും ക്ളോക്ക്‌ ടവർ ഭാഗത്ത് നിന്നുള്ള വാഹനങ്ങളും സിഗ്നലിൽ നിറുത്തിയിടുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്ന അവസ്ഥയാണെന്നാണ് യാത്രക്കാരുടെ പരാതി.

പാലം നിർമ്മിച്ചത് എ.ഡി.ബി സഹായത്തോടെ
 ചെലവ് : 6 കോടി