തഴവ: റേഷൻ കടകൾ വഴിയുള്ള ക്രിസ്‌മസ് കിറ്റ് ജനുവരിയായിട്ടും കിട്ടാത്തതിൽ വ്യാപക പ്രതിഷേധം .
റേഷൻ കടകൾ വഴി നടത്തുന്ന ക്രിസ്‌മസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ഡിസംബർ 24 ന് മുൻപ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ജനുവരി എത്തുമ്പോഴും കിറ്റ് വിതരണം എങ്ങുമെത്താത്ത അവസ്ഥയിലാണ്.
കരുനാഗപ്പള്ളി താലൂക്കിൽ 254 റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗം കടകളിലും എ.എ.വൈ ,പി.എച്ച്.എച്ച് വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് മാത്രമാണ് ഇതുവരെ ക്രിസ്‌മസ് കിറ്റ് ലഭിച്ചത്. എന്നാൽ എൻ.പി.എസ്, എൻ .പി .എൻ .എസ് വിഭാഗത്തിൽപ്പെട്ട പല കാർഡുടമകൾക്കും നവംബർ മാസത്തെ ഭക്ഷ്യധാന്യ കിറ്റ് പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. നവംബർ മാസത്തിൽ കുടിശിക വന്ന കാർഡുടമകൾക്ക് കിറ്റ് വിതരണം ജനുവരി 9 വരെ നീട്ടി സിവിൽ സപ്ലൈസ് വകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ചില കടകളിൽ നവംബർ കിറ്റിന് ക്ഷാമം നേരിടുമ്പോൾ പല കടകളിലും കണക്കിൽ കവിഞ്ഞ് കിറ്റ് കെട്ടിക്കിടക്കുന്നതായും ആക്ഷേപം ഉണ്ട്.
പാക്കിംഗ് ജോലികളിൽ അനാസ്ഥ
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചരക്ക്ട്രെയിനുകളുടെ എണ്ണം കുറഞ്ഞത് ഭക്ഷ്യധാന്യങ്ങളുടെ വരവിന് കാലതാമസം വരുത്തിയെന്ന് അധികൃതർ പറയുന്നു. എന്നാൽ പാക്കിംഗ് ജോലികൾ യഥാസമയം പൂർത്തിയാക്കുന്നതിൽ അനാസ്ഥ വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആരോപണമുണ്ട്.
24 ന് മുൻപ് ക്രിസ്‌മസ് കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് കാർഡുടമകൾ നിരവധി തവണയാണ് കിറ്റ് ആവശ്യപ്പെട്ട് റേഷൻ കടകളിലെത്തുന്നത്. ഡിസംബർ പിന്നിട്ട് ജനുവരിയിലെത്തിയതോടെ പല റേഷൻ വ്യാപാരികളേയും കാർഡുടമകൾ സംശയത്തിന്റെ നിഴലിൽ നിറുത്തിയിരിക്കുകയാണ്.