alind

വ്യവസായ മുത്തശിക്ക് ഇന്ന് 75

കൊല്ലം: കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ നവരത്നശോഭയോടെ തെളിഞ്ഞുനിന്ന കുണ്ടറ അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിന് (അലിൻഡ്) ഇന്ന് 75 വയസ് തികയുന്നു. പള്ളിവാസലിൽ നിന്നുള്ള വൈദ്യുതി വിതരണത്തിന് അലൂമിനിയം കേബിളുകൾ ഉത്പാദിപ്പിച്ചിരുന്ന സ്ഥാപനം, ഇന്ന് കേവലമൊരു അസംബ്ളിംഗ് യൂണിറ്റ് മാത്രമായാണ് പ്രവർത്തിക്കുന്നത്.

ശ്രീപത്മനാഭന്റെ പാട്ടഭൂമിയിൽ പത്ത് രൂപയുടെ സാധാരണ ഓഹരികൾ സ്വരൂപിച്ച് 1946 ജനുവരി രണ്ടിനാണ് അലിൻഡ് സ്ഥാപിതമായത്. അലൂമിനിയം കണ്ടക്ടർ ഉത്പാദനത്തിന് കാനഡയിലെ 'അൽക്കാൻ കാനഡ' എന്ന കമ്പനിയുമായി സാങ്കേതിക കരാറിലേർപ്പെട്ട് പ്രവർത്തനമാരംഭിച്ച അലിൻഡ്, വൈദ്യുതി മേഖലയിൽ ഏഷ്യയിലെ തന്നെ ആദ്യത്തെ വ്യവസായ സംരംഭമാണ്.

1982-87 കാലഘട്ടത്തിലെ ആഗോള സാമ്പത്തികമാന്ദ്യത്തെ തുടർന്ന് പീഡിത വ്യവസായ സ്ഥാപനമായി മാറിയതോടെയാണ് കുണ്ടറ അലിൻഡിന്റെ കഷ്ടകാലത്തിന് തുടക്കം. നിരവധി പുനരുദ്ധാരണ പദ്ധതികൾ എത്തിയെങ്കിലും എല്ലാം തകിടം മറിഞ്ഞു. 25 വർഷമായി വേതനം കുടിശികയായ തൊഴിലാളികൾ ഇന്ന് കോടതികളിലും വ്യവസായ വകുപ്പിലുമായി കയറിയിറങ്ങുകയാണ്.

2,​074 കോടി രൂപ ആസ്തിയുള്ള കമ്പനിക്ക് 500 കോടിയിൽ താഴെയുള്ള ബാദ്ധ്യതകൾ തീർക്കാൻ സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലിലൂടെ സാധിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

 കാടുകയറി ചിതലെടുത്ത്

ആരംഭകാലത്ത് 63 ഏക്കറോളം സ്ഥലത്ത് കേബിൾ വർക്‌സ്, സ്റ്റീൽ പ്രോഡക്ട്സ് എന്നീ രണ്ട് ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന കുണ്ടറ അലിൻഡ് നിലവിൽ ഒരു ഏക്കറോളം സ്ഥലത്ത് മൈക്രോ യൂണിറ്റ് മാത്രമായി ചുരുങ്ങി. ബാക്കി സ്ഥലങ്ങൾ കാടുപിടിച്ചു ഉപയോഗശൂന്യമായി. കെട്ടിടങ്ങളും യന്ത്രസാമഗ്രികളും കാലഹരണപ്പെട്ട് നശിച്ചു. പ്രവർത്തനരഹിതമായ യൂണിറ്റുകൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനരുദ്ധീരിക്കണമെന്നാണ് കെ.എസ്.ഐ.ഡി.സി ഉൾപ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുടെ അഭിപ്രായം.

 തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ

01. നിലവിലുള്ള തൊഴിലാളികളിൽ ഭൂരിഭാഗവും എഴുപത് വയസ് കഴിഞ്ഞവർ

02. ഇവർക്ക് ലഭിക്കുന്ന പി.എഫ് പെൻഷൻ ആയിരം രൂപയ്ക്ക് താഴെ

03. ഇ.എസ്.ഐ ആനുകൂല്യങ്ങളുമില്ല

04. അറുന്നൂറോളം തൊഴിലാളികളുണ്ടായിരുന്ന സ്ഥാപനത്തിൽ ഇന്ന് നാൽപ്പതോളം പേർ മാത്രം

05. 1989 നവംബർ മുതലുള്ള ആനുകൂല്യങ്ങളും ശമ്പളവും കുടിശിക

''

നിലവിലെ ശോച്യാവസ്ഥ പരിഹരിച്ച് അലിൻഡിനെ ഗതകാലപ്രൗഢിയിലേക്ക് മടക്കിക്കൊണ്ടുപോകാൻ ഭരണകർത്താക്കൾ തയ്യാറാകണം.

തൊഴിലാളികൾ