തിങ്കളാഴ്ച മുതൽ ക്ളാസുകൾ
കൊല്ലം: ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ കോളേജുകളിൽ പൂർത്തിയായി. തിങ്കളാഴ്ച മുതൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും എല്ലാ സെമസ്റ്റർ ബിരുദാനന്തര വിദ്യാർത്ഥികൾക്കുമാണ് ക്ലാസ് തുടങ്ങുന്നത്. ബാക്കി വിദ്യാർത്ഥികൾക്ക് ഇപ്പോഴത്തേത് പോലെ ഓൺലൈൻ ക്ലാസ് തുടരാനാണ് ധാരണ. കോളേജുകളിലെ സൗകര്യം അനുസരിച്ച് ശനിയാഴ്ചകളിലും അദ്ധ്യയനം നടത്താം.
ലാബുകൾക്കും ഓൺലൈൻ ക്ലാസിലൂടെ ബോധനം സാദ്ധ്യമാകാത്ത പാഠഭാഗങ്ങൾക്കുമാണ് ആദ്യദിവസങ്ങളിൽ മുൻഗണന. പത്ത് ദിവസത്തിന് ശേഷം ക്ലാസുകൾ സംബന്ധിച്ച അവലോകന റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിനും സർവകലാശാലയ്ക്കും കൈമാറാനും പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മറ്റ് സെമസ്റ്രറുകൾക്ക് ക്ലാസ് തുടങ്ങുക. അദ്ധ്യാപകർ ക്ലാസ് നിശ്ചയിച്ചിട്ടുള്ള ഷിഫ്ടിന്റെ സമയത്ത് മാത്രം കോളേജിൽ എത്തിയാൽ മതി. കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ കൂട്ടംകൂടാനും ആഹാരപദാർത്ഥങ്ങൾ പങ്കുവയ്ക്കാനും അനുവദിക്കില്ല. ഷിഫ്ടുകൾ ക്രമീകരിക്കാൻ കോളേജുകൾ വേണമെങ്കിൽ രാവിലെ 8.30ക്ക് തുടങ്ങാനും നിർദ്ദേശമുണ്ട്. പക്ഷെ അഞ്ച് മണിക്ക് ശേഷം ക്ലാസ് പാടില്ല.
കോളേജുകളിലും കൊവിഡ് സെൽ
കൊവിഡ് വ്യാപനം പ്രതിരോധിക്കാനായി സ്കൂളുകളുടെ മാതൃകയിൽ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കൊവിഡ് മോണിട്ടറിംഗ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ, അദ്ധ്യാപക പ്രതിനിധികൾ, അനദ്ധ്യാപക പ്രതിനിധി, ഹെൽത്ത് ഇൻസ്പെക്ടർ, പി.ടി.എ പ്രതിനിധി, വിദ്യാർത്ഥി പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങൾ.
സാമൂഹിക അകലം ആശങ്കയിൽ
സ്കൂളുകളിലേത് പോലെ ഒരു ബഞ്ചിൽ ഒരു വിദ്യാർത്ഥിയെന്ന സംവിധാനമല്ല കോളേജുകളിൽ. 50 വരെ വിദ്യാർത്ഥികളുള്ള ക്ലാസുകൾക്ക് ഷിഫ്ട് ഉണ്ടാകില്ല. ഒരു ക്ലാസ് മുറിയിൽ തന്നെ എല്ലാ വിദ്യാർത്ഥികളെയും നിശ്ചിത അകലത്തിൽ ഇരുത്തി പഠിപ്പിക്കാനാണ് ധാരണ. 50 കുട്ടികളിൽ കൂടുതലുള്ള ക്ലാസുകൾ രണ്ടായി വിഭജിച്ച് രണ്ട് ഷിഫ്ടുകളായി ക്ലാസ് നടത്തും.