കൊല്ലം: വിദ്യ കൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുദേവന്റെ മഹത് വചനം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആപ്തവാക്യമായി പ്രഖ്യാപിച്ചു. ഗുരുവചനങ്ങളിലെ അഗാധതയെ തേടുന്ന മാനവികതയും വൈവിദ്ധ്യവും സമന്വയിപ്പിച്ച ലോഗോയ്ക്കുള്ളിലൂടെ ധ്യാനനിരതനായ ഗുരുവിനെയും കാണാം.
കൊല്ലത്ത് ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയുടെയും ആപ്തവാക്യത്തിന്റെയും പ്രകാശനം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. ജ്യാമിതീയ രൂപങ്ങളെ നിറങ്ങളുടെ സമന്വയത്തിലൂടെ ചിത്രീകരിച്ചാണ് ലോഗോ ഒരുക്കിയിട്ടുള്ളത്. ഇരിക്കുന്ന ഗുരുദേവനെ മുകളിൽ നിന്ന് കാണുന്ന രീതിയിലാണ് ലോഗോ.
സംസ്ഥാനത്തെ വിദൂര - വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളെയെല്ലാം സംയോജിപ്പിച്ച് ഒറ്റ സർവകലാശാലയെന്ന ആശയം നടപ്പാക്കിയത് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളമാണെന്ന് മുകേഷ് പറഞ്ഞു. വിജ്ഞാന കേന്ദ്രമെന്നതിലുപരി ജനങ്ങളിൽ നിന്ന് ആരംഭിച്ച് ജനങ്ങളിൽ തന്നെ അവസാനിക്കുന്ന ഒരു ചട്ടക്കൂടിലാണ് ഓപ്പൺ സർവകലാശാല പ്രവർത്തിക്കുകയെന്ന് അദ്ധ്യക്ഷത വഹിച്ച വൈസ് ചാൻസലർ ഡോ. മുബാറക് പാഷ വെളിപ്പെടുത്തി. അക്കാഡമിക് കരിക്കുലം സമിതികളുടെ യോഗങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. യു.ജി.സി അംഗീകാരം ലഭിച്ചാലുടൻ കോഴ്‌സുകൾ തുടങ്ങും. ജില്ലയിലെ എല്ലാ സർക്കാർ ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കേന്ദ്രങ്ങളുമായും സഹകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യുന്നതെന്നും വൈസ് ചാൻസലർ പറഞ്ഞു.
ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം അസി. പ്രൊഫസർ ഗാധിയാണ് ലോഗോ തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയേൽ, ഓപ്പൺ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ്, ടി.കെ.എം എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.