പത്തനാപുരം: പുതുവത്സരാഘോഷം അതിരുകടന്നത് നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലേറും ആക്രമണവും. പത്തനാപുരം മേലില പഞ്ചായത്തിലെ മൂലവട്ടം കോളനിയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഒരു സംഘം ആളുകൾ റോഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്ന് എത്തിയതായിരുന്നു കുന്നിക്കോട് പൊലീസ്. പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടങ്കിലും ആളുകൾ പോകാൻ തയ്യാറാകാതെ പൊലീസിന് നേരെ തിരിയുകയായിരുന്നു. കല്ലേറിൽ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിനുവിനും ഡ്രൈവറായ രതീഷിനും പരിക്കേറ്റു. ഇരുവരും പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സതേടി. പൊലീസ് വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസും ഹെഡ് ലൈറ്റും കല്ലേറിൽ തകർന്നിട്ടുണ്ട്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. മൂലവട്ടം കളിയിക്കാവിളവീട്ടിൽ ഉണ്ണിക്യഷ്ണൻ (52), അജിനാൾ മൻസിലിൽ അൽത്താഫ് (20), സീമാ മൻസിലിൽ അനസ് (23), ഇടമുളയ്ക്കൽ സ്വദേശി അക്ഷയ്( 23), മേലില കൽപകശ്ശേരിൽ സുരേഷ് (42), സുഭാഷ് (42) എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ നിരവധി കേസുകളിലെ പ്രതിയായ സജിനെന്ന പക്രു, ജിജോ എന്നിവർ ഓടിരക്ഷപെട്ടു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.