പുനലൂർ: കനത്ത വരൾച്ചയെ തുടർന്ന് കല്ലട ഇറിഗേഷന്റെ ഇടത്കര കനാൽ നാളെ തുറന്ന് ജല വിതരണം ആരംഭിക്കും. കരീപ്ര പഞ്ചായത്തിലെ കൃഷികൾ ഉണങ്ങാൻ തുടങ്ങിയതിനാലാണ് പത്ത് ദിവസത്തേക്ക് കനാൽ വഴി വെള്ളം ഒഴുക്കുന്നതെന്ന് കെ.ഐ.പി.അസി.എക്സിക്യൂട്ടീവ് എൻജിനീയർ മണിലാൽ അറിയിച്ചു. ഇത് കൂടാതെ വലത്കര കനാൽ വഴിയും ജല വിതരണം നടത്താൻ പദ്ധതിയുണ്ട്.രണ്ട് കനാലുകളിലും കാടുകൾ വളർന്നതിനാൽ ജല വിതരണം തടസപ്പെടുമെന്ന ആശങ്കയും അധികൃതർക്കുണ്ട് .കാനലുകൾക്കുള്ളിലെ കാടുകൾ നീക്കി ശുചീകരിക്കാനുള്ള ജോലികൾ നാല് ദിവസം മുമ്പ് ആരംഭിച്ചു.എന്നാൽ കനാൽ തുറന്ന് ജല വിതരണം ആരംഭിക്കുന്നതിന് മുമ്പ് കാടുകൾ പൂർണമായും നീക്കാൻ ചെയ്യാൻ കഴിയില്ല. രണ്ട് കനാലുകളും കടന്ന് പോകുന്ന പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് കനാൽ ശുചീകരിച്ച് വൃത്തിയാക്കി കൊണ്ടിരിക്കുന്നത്. കനാലിനുള്ളിലെ കോൺക്രീറ്റ്പലയിടങ്ങളിലായി ഇടിഞ്ഞ് വീണതും ജലവിതരണം മുടക്കാനിടയുണ്ട്.
വേനൽക്കാല കൃഷികൾക്ക് വെള്ളമില്ല
തെന്മല പരപ്പാർ അണക്കെട്ടിൽ നിന്ന് കല്ലടയാറ്റിലെത്തുന്ന വെളളം ഒറ്റക്കൽ ലുക്കൗട്ട് തടയണയിൽ ശേഖരിച്ച ശേഷമാണ് സമീപത്ത് നിന്നാരംഭിക്കുന്ന ഇടത്, വലത്കര കനാലുകൾ വഴി വെള്ളം ഒഴുക്കുന്നത്. ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണ് കനാലുകൾ വഴി വേനൽക്കാല ജലവിതരണം നടത്താറുള്ളത്.ഇത്തവണ പത്തനംതിട്ട ജില്ലയിലെ വെട്ടിക്കോട്ടും കൊല്ലം ജില്ലയിലെ കരീപ്രയിലും വേനൽക്കാല കൃഷികൾക്ക് വെളളം ലഭിക്കാതായതോടെയാണ് രണ്ട് കനാലുകളും തുറന്ന് ജലവിതരണം നടത്താൻ അധികൃതരെ പ്രേരിപ്പിച്ചത്.