track

കൊല്ലം: പുതുവർഷ രാത്രിയിൽ ട്രാക്ക്, മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം, ഹോളിക്രോസ് ഹോസ്പിറ്റൽ മെഡിക്കൽ ടീം, റെഡ്ക്രോസ് സൊസൈറ്റി, മെഡിവിംഗ്സ് കേരള ടീം എന്നിവർ സംയുക്തമായി റോഡിൽ നിന്ന് ആശുപത്രിയിലെത്തിച്ചത് പന്ത്രണ്ടുപേരെ.

'കരുതൽ 2021' എന്നപേരിൽ പുതുവർഷ രാത്രിയിലെ രക്ഷാപ്രവർത്തനം 31ന് രാത്രി ഒൻപതിന് ചിന്നക്കട ബസ് ബേയിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ്‌ പി.എ. സത്യൻ അദ്ധ്യക്ഷനായി. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഡി.മഹേഷ്‌, ട്രാക്ക് സെക്രട്ടറി ജോർജ്.എഫ്. സേവ്യർ വലിയവീട്, ഹോളിക്രോസ് എമർജൻസി വിഭാഗം മേധാവിയും ട്രാക്ക് വൈസ് പ്രസിഡന്റുമായ ഡോ. ആതുരദാസ്, ഡോ. ഷെറിൻ, ഡോ. ജോയൽ, റെഡ്ക്രോസ് സൊസൈറ്റി സെക്രട്ടറി അജയകുമാർ, വൈസ് ചെയർമാൻ പ്രൊഫ. മോഹൻദാസ്, ട്രാക്ക് ട്രഷറർ ബിനുമോൻ, ജോയിന്റ് സെക്രട്ടറി സാബു ഓലയിൽ, എം.വി.ഐമാരായ ബിനു ജോർജ്, സുമോദ്, ലാജി എന്നിവർ സംസാരിച്ചു.
പാരിപ്പള്ളി മുതൽ കരുനാഗപ്പള്ളി വരെയും കൊട്ടാരക്കര വരെയും ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ആംബുലൻസുകൾ ക്രമീകരിക്കുകയും വിവിധ ജംഗ്ഷനുകളിലായി ട്രാക്ക് വോളൻഡിയേഴ്‌സും ട്രാക്ക് ദുരന്തനിവാരണ സേനാംഗങ്ങളെയും വിന്യസിച്ചു. മൈലക്കാട് ജംഗ്‌ഷനിൽ നിന്ന് മൂന്നുപേരെയും ശീമാട്ടി ജംഗ്‌ഷനിൽ നിന്ന് മൂന്ന്, ബൈപ്പാസിൽ ഒന്ന്, കൊട്ടാരക്കരയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപെട്ടവർക്ക് പ്രഥമ ശുശ്രൂഷയും ആശുപത്രി ചികിത്സയും നൽകി. ആംബുലൻസ് ഡ്രൈവർമാരുടെ ടീമിന് മുഹമ്മദ്‌ അമീൻ നേതൃത്വം നൽകി. കൊട്ടാരക്കരയിലെ പ്രവർത്തനങ്ങൾക്ക് എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ ഡി. മഹേഷ്, കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, ട്രാക്ക് എക്സി. അംഗം ഷിബു പാപ്പച്ചൻ, ലൈഫ് മെമ്പർ ഷിജു.കെ. ബേബി എന്നിവർ നേതൃത്വം നൽകി. ഇന്നലെ പുലർച്ചെ നാലുവരെ കരുതൽ 2021 ന്റെ പ്രവർത്തനം ഉണ്ടായിരുന്നു.