കൊല്ലം: എസ്.എഫ്.ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത വനിതാ എസ്.ഐയെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു, പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കൊട്ടാരക്കര പള്ളിക്കൽ ഭാഗത്ത് മരണവീട്ടിൽ പോയ ശേഷം റോഡരികിൽ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചുനിന്ന എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ലുക്മാൻ ഹക്കീമിനെയാണ് (22) പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിത എസ്.ഐ കസ്റ്റഡിയിലെടുത്തത്.
സംഘം ചേർന്ന് നിന്നവരെ എസ്.ഐ വിരട്ടിയോടിക്കാൻ ശ്രമിച്ചു. മൂന്നുപേർ ഓടിപ്പോയെങ്കിലും ലുക്മാൻ ഹക്കീമും മറ്റ് ചിലരും ഓടിയില്ല. ബൈക്കിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ച വനിത എസ്.ഐയുടെ കൈയ്ക്ക് ലുക്മാൻ പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ലുക്മാനെ എസ്.ഐ മർദ്ദിച്ചു. മറ്റ് പൊലീസുകാരും ചേർന്ന് ബലപ്രയോഗത്തിലൂടെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി സംഘടിച്ച് കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിൽ വച്ച് ജീപ്പ് തടഞ്ഞു. ജീപ്പിന്റെ ഡോർ വലിച്ചുതുറന്ന് ലുക്മാനെ രക്ഷപെടുത്താൻ ശ്രമിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. സംഘർഷാവസ്ഥയിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയതോടെ ലുക്മാനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചെത്തിയത് വീണ്ടും സംഘർഷത്തിന് ഇടയാക്കി.
മറ്റ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്. ലുക്മാനെ കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് നേരിട്ട് മൊഴിയെടുത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ പൊലീസിന്റെ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകർ ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡയറ്റിന് മുന്നിൽ ബാരിക്കേഡുവച്ച് പൊലീസ് മാർച്ച് തടഞ്ഞു.