മറയൂർ: വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് വിൽപന നടത്താൻ ശ്രമിച്ച മാരക ലഹരിപാദാർത്ഥങ്ങളുമായി രണ്ട്‌പേർ പിടിയിൽ. കൊല്ലം കൊട്ടാരക്കര പനവേലി സ്വദേശി ജിനു ഷാജി(24), കൂത്ത്കുളങ്ങര കുന്നിക്കൽ പറമ്പിൽ വീട്ടിൽ അഖിൽ(24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടുകൂടി കോവിൽക്കടവ് തെങ്കാശിനാഥൻക്ഷേത്രത്തിന് സമീപം എക്‌സൈസ് അധികൃർ ക്രിസ്മസ് സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിവന്ന പരിശോധനക്കിടെയാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇവരിൽ നിന്ന് 557 മില്ലി ഗ്രാം എൽ.എസ്.ഡി സ്റ്റാംപ്, 2.247 ഗ്രാം എം.ഡി.എം.എ, 100 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി. കാന്തല്ലൂർ, മറയൂർമേഖലകളിൽ വിനോദ സഞ്ചാരികളെകേന്ദ്രീകരിച്ച് വിൽപന നടത്താൻ ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണെന്ന് പ്രതികൾ മൊഴി നൽകി. ഇവയ്ക്ക് രണ്ടര ലക്ഷം രൂപയോളം വിപണി മൂല്യം ഉള്ളതായി മറയൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രഞ്ചിത്ത്കുമാർ പറഞ്ഞു. പ്രിവന്റീവ് ഓഫിസർ കെ.പി.ബിനുമോൻ, എക്‌സൈസ് ഓഫിസർമാരായ എ.സി.നെബു, കെ.പി.ഉണ്ണികൃഷ്ണൻ,എസ്.എസ്.അനിൽ,എസ്.പ്രബിൻ, പി.ദിനേശ് എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.