തുക മുഴുവൻ കൈപ്പറ്റി കരാറുകാർ കടന്നു കളഞ്ഞു
തഴവ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തഴവയിൽ ഇഷ്ടിക നിർമ്മാണം നടത്തിയതിൽ വൻ ക്രമക്കേട് നടന്നതായി പരാതി. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീടുകൾ ലഭിച്ച നിർദ്ധന കുടുംബങ്ങൾക്ക് നിർമ്മാണത്തിന് ആവശ്യമായ ഇഷ്ടിക നൽകുന്നതിന് വേണ്ടിയാണ് എം.ജി.എൻ.ആർ.ഇ. എസ് തൊഴിലാളികളെ ഉപയോഗിച്ച് ഇഷ്ടിക നിർമ്മാണം ആരംഭിച്ചത്.അഞ്ച് ലക്ഷം രൂപ വീതം ചെലവിൽ അഞ്ച് യൂണിറ്റുകളായി തിരിച്ചാണ് പദ്ധതി പ്രവർത്തനം ആരംഭിച്ചത്. ഒരു യൂണിറ്റ് പ്രവർത്തനം പൂർത്തിയാക്കുമ്പോൾ ശരാശരി പതിനായിരം കട്ടകളാണ് വിതരണത്തിന് സജ്ജമാകുന്നത്. ഗുണഭോക്താക്കളാകുന്ന ഒരു കുടുംബത്തിന് അഞ്ഞൂറ് ഇഷ്ടികകളാണ് പദ്ധതി അനുസരിച്ച് സൗജന്യമായി നൽകി വന്നത്. എന്നാൽ ഇത്തരത്തിൽ നാല് യൂണിറ്റിന്റെ പ്രവർത്തനം പൂർത്തിയാക്കിയ ശേഷം ഇഷ്ടിക നിർമ്മാണം നടത്താതെ തന്നെ അഞ്ചാമത്തെ യൂണിറ്റിനുള്ള മുഴുവൻ തുകയും കൈപ്പറ്റി കരാറുകാർ കടന്നു കളയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്താൽ
ഇഷ്ടിക നിർമ്മാണത്തിൽ മുൻ പരിചയമില്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ പേരിലാണ് പദ്ധതി പ്രവർത്തനത്തിന് അധികൃതർ അംഗീകാരം നൽകിയത്. ഇതു മൂലം ഒരു സ്വകാര്യ ഇഷ്ടിക നിർമ്മാണ യൂണിറ്റിന്റെ സഹായത്തോടെ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് നാല് യൂണിറ്റുകളുടെ പ്രവർത്തനം പൂർത്തിയാക്കിയത്. ഇഷ്ടിക നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്നതിന് ഒരു കരാറുകാരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അഞ്ചാമത്തെ യൂണിറ്റിനുള്ള സാധനങ്ങൾ ഇറക്കുന്നതിന് മുൻപ് തന്നെ പദ്ധതി പൂർത്തിയായതായി രേഖകൾ ചമച്ച് ബിനാമി പേരുകളിൽ തുക കൈപ്പറ്റുകയായിരുന്നെന്ന് ഗുണഭോക്താക്കൾ പറയുന്നു.
ഇഷ്ടികയും പണവും നഷ്ടം
ഒരു കുടുംബത്തിന് അഞ്ഞൂറ് കട്ട എത്തിച്ച് നൽകുന്നതിന് രണ്ടായിരം രൂപയാണ് കരാറുകാരൻ കൂലിയിനത്തിൽ വാങ്ങിയിരുന്നത്. മുടങ്ങിപ്പോയ അഞ്ചാമത്തെ യൂണിറ്റിൽ ഗുണഭോക്താക്കളായ പലരും ഈ കൂലി മുൻകൂറായി നൽകിയതോടെ ഇവർക്ക് പണവും നഷ്ടപ്പെട്ട അവസ്ഥയാണ്.
പുറം വിപണിയിൽ ഒരു സിമന്റ് ഇഷ്ടികയ്ക്ക് 35 മുതൽ 37 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ പദ്ധതി അനുസരിച്ച് ഒരു ഇഷ്ടികയ്ക്ക് 50 രൂപ വരെ സർക്കാർ ചെലവഴിച്ചിട്ടും ക്രമക്കേട് നടത്തിയ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.ആകെ 25 ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ തന്നെ
18,84254 രൂപ മെറ്റീരിയൽസ് വിതരണം ചെയ്ത കരാറുകാരന് കൊടുത്തതായാണ് വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നത്.
തൊഴിലുറപ്പ് പ്രവർത്തകർ നോക്കുകുത്തികളായി
ഉപകരണങ്ങളുടെ വാടക ,വിദഗ്ദ്ധ തൊഴിലാളികളുടെ വേതനം എന്നിവ കഴിച്ചാൽ ഈ പദ്ധതിയിലും തൊഴിലുറപ്പ് പ്രവർത്തകർ നോക്കുകുത്തികളായെന്ന ആരോപണവുമുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ഭൂരിഭാഗം കരാർ ജോലികളുടെയും ശരിയായി മേൽനോട്ടം വഹിക്കുന്നതിൽ ബന്ധപ്പെട്ട അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. പല പ്രാദേശിക ജനപ്രതിനിധികളും ബിനാമി പേരിൽ ഈ മേഖലയിൽ കരാർ ജോലികളെടുത്ത് ലക്ഷങ്ങൾ കൊയ്യുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.