ആലപ്പുഴ ബോട്ട് സർവീസ് വൈകും, സീ അഷ്ടമുടി ഉടനില്ല
കൊല്ലം: കൊവിഡിനെ തുടർന്ന് നിറുത്തിവച്ച ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ പുനരാരംഭിച്ചെങ്കിലും വരുമാനം ചില്ലറയിലൊതുങ്ങി. സർവീസുകൾ പ്രതിസന്ധിയിലായതോടെ ടൂറിസ്റ്റുകൾക്കായി ആരംഭിച്ച കൊല്ലം - ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കുന്നത് വൈകും. എല്ലാദിവസവും രാവിലെ 10.30ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് വൈകിട്ട് ആറിന് ആലപ്പുഴയിൽ എത്തുന്ന തരത്തിലായിരുന്നു സർവീസ്. ഈ ബോട്ട് പിറ്റേന്ന് ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് തിരിക്കും. 350 രൂപയാണ് യാത്രാനിരക്ക്.
കൊല്ലം ബോട്ട് സ്റ്റേഷൻ കേന്ദ്രീകരിച്ച് നാല് സർവീസുകളാണ് നിലവിലുള്ളത്. ഇതിൽ കൊല്ലം - പേഴുംതുരുത്ത് സർവീസ് ഒഴികെയുള്ളവയുടെ വരുമാനം കുറഞ്ഞു. സാമ്പ്രാണിക്കോടി - അരവിള ബോട്ട് സർവീസിൽ ഇരുചക്രവാഹനങ്ങൾ കയറ്റിക്കൊണ്ടുപോകാൻ സൗകര്യം ഉണ്ടെങ്കിലും രാവിലെയും വൈകിട്ടുമൊഴികെ ബോട്ടിൽ യാത്രക്കാരില്ല. ബൈപ്പാസിലെ കുരീപ്പുഴ - കാവനാട് പാലം പൂർത്തിയാകുന്നതിന് മുൻപ് ഈ സർവീസിന് നല്ല വരുമാനം ലഭിച്ചിരുന്നു. പാലം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും സമയക്രമം പുനഃക്രമീകരിക്കാത്തതാണ് വരുമാനനഷ്ടത്തിന് കാരണം.
യാത്രക്കാരുടെ എണ്ണം കൂടുതലുള്ള രാവിലെ 8.40നും 10 നുമിടയിൽ ഈ ബോട്ടുകളെല്ലാം ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി സർവീസ് നടത്താതെ കൊല്ലം സ്റ്റേഷനിൽ നിറുത്തിയിട്ടിരിക്കുകയാണ്. സർവീസുകൾ പുനഃക്രമീകരണം നടത്തുകയും ജീവനക്കാരുടെ ഡ്യൂട്ടി മാറ്റം സാദ്ധ്യമായ മറ്റൊരു സമയത്തേക്ക് മാറ്റണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
'സീ അഷ്ടമുടി' ഉടനില്ല
ജലഗതാഗത വകുപ്പ് ആലപ്പുഴയിൽ ആരംഭിച്ച 'സീ കുട്ടനാട്' സർവീസിന്റെ മാതൃകയിൽ 'സീ അഷ്ടമുടി' എന്ന പേരിൽ ആരംഭിക്കാനിരുന്ന ബോട്ട് സർവീസും ഉടനുണ്ടാകില്ല. കൊല്ലം, കുരീപ്പുഴ, പ്രാക്കുളം, അഷ്ടമുടി, കാഞ്ഞിരകോട്, മൺറോത്തുരുത്ത് എന്നിവിടങ്ങളിലെ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യമായിരുന്നു സീ അഷ്ടമുടിക്ക് പിന്നിൽ. ആലപ്പുഴയിൽ ആരംഭിച്ച സർവീസ് വിജയകരവുമായിരുന്നു.
നിലവിലെ സർവീസുകൾ
കൊല്ലം - സാമ്പ്രാണിക്കോടി
കൊല്ലം - പ്ലാവറക്കാവ്
കൊല്ലം - പേഴുംതുരുത്ത്
സാമ്പ്രാണിക്കോടി - കാവനാട് അരവിള
ആകെ ട്രിപ്പുകൾ: 40
ഒരു ബോട്ടിലെ വരുമാനം: 2500 - 6000 വരെ
''
വള്ളക്കടവിലേക്കുള്ള സർവീസ് നിറുത്തി സാമ്പ്രാണിക്കോടി ഭാഗത്തേയ്ക്കുള്ള ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയില്ല.
സ്ഥിരം യാത്രക്കാർ