chapp
ആര്യങ്കാവ്-റോസ്മല വന പാതയിൽ പുതിയ പാലം പണി ആരംഭിക്കാൻ പഴയ ചപ്പാത്ത് പൊളിച്ച് നീക്കുന്നു.

വനം വകുപ്പിൽ നിന്ന് 45 ലക്ഷം

പുനലൂർ: ആര്യങ്കാവ്-റോസ്മല വന പാതയിൽ പുതിയ പാലത്തിന്റെ പണികൾ ആരംഭിച്ചു.തകർച്ചയിലായ ചപ്പാത്ത് പൊളിച്ച് നീക്കിയാണ് വനം വകുപ്പിൽ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പാലം പണിയുന്നത്. ഇതിന്റെ മുന്നോടിയായി ആര്യങ്കാവ് നദിക്ക് മദ്ധ്യേ റോസ്മലയിലേക്ക് പോകാൻ വർഷങ്ങൾക്ക് മുമ്പ് പണിത ചപ്പാത്ത് രണ്ട് ദിവസം മുമ്പ് പൊളിച്ചു. കാലവർഷത്തിലെ മല വെള്ളപ്പാച്ചിലിൽ ചപ്പാത്ത് നിറഞ്ഞ് ഒഴുകുന്നതോടെ ഇത് വഴിയുള്ള ഗതാഗതത്തിന് പുറമെ കാൽ നടയാത്രയും മുടങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു.

പത്ര വാർത്ത മന്ത്രി കണ്ടു

റോസ്മല നിവാസികളുടെ ദുരിതയാത്രയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത ശദ്ധയിൽപ്പെട്ട മന്ത്രി കെ.രാജു ചപ്പാത്ത് സ്ഥിതി ചെയ്യുന്ന ഭാഗത്ത് പുതിയ പാലം പണിയാൻ 45 ലക്ഷം രൂപ വനം വകുപ്പിൽ നിന്ന് അനുവദിക്കുകയായിരുന്നു. ആര്യങ്കാവ് -റോസ്മല പാതയിലെ പഴയ ചപ്പാത്ത് പൊളിച്ച് മാറ്റിയ ശേഷം പുതിയ പാലം പണിയണമെന്ന് കാൽ നൂറ്റാണ്ടായി ജനങ്ങൾ ഉന്നയിച്ച ആവശ്യമാണ് ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.

250 ഓളം കുടുംബങ്ങൾക്ക് വഴിയില്ല

കഴിഞ്ഞ രണ്ട് വർഷം മുമ്പ് ഉണ്ടായ പ്രളയക്കെടുതിൽ ചപ്പാത്ത് നിറഞ്ഞ് ഒഴുകിയതോടെ ആര്യങ്കാവിൽ നിന്ന് റോസ്‌മലയിലേക്കുള്ള കെ..എസ്.ആർ.ടി.ബസുകളും മുടങ്ങി.ഇതോടെ വനമദ്ധ്യത്തിലെ റോസ്മലയിൽ താമസിക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് പുറം ലോകത്ത് എത്താൻ വഴിയില്ലാതായി. ഇത് കൂടാതെ സമീപത്തെ സെന്റ് മേരീസ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കും സ്കൂളിലേയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല

.

യാത്രാ ദുരിതത്തിന് അറുതി

മലവെളളപ്പാച്ചിലിൽ എക്കലും മണലും അടിഞ്ഞ് കൂടിയാണ് ആര്യങ്കാവ് ആറിന്റെ ആഴം കുറയാൻ മുഖ്യകാരണം.അതോടെ മഴയത്ത് ചപ്പാത്ത് പെട്ടെന്ന് നിറയും. റോസ്മലയിലേക്കുളളവന പാത നവീകരിച്ച് മോടി പിടിപ്പിച്ചെങ്കിലും ആര്യങ്കാവ് ആറ്റിലെ പഴയ ചപ്പാത്ത് വെല്ലുവിളിയായിരുന്നു.പത്ത് വർഷം മുമ്പ് കരിങ്കല്ലുകൾ മാത്രം നിരത്തിയിരുന്ന ചപ്പാത്ത് വഴിയായിരുന്നു വാഹനങ്ങളും വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ സഞ്ചരിച്ചിരുന്നത്.പിന്നീട് ചപ്പാത്ത് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയെങ്കിലും മഴയത്ത് ഇത് നിറഞ്ഞ് ഒഴുകുന്നതോടെ മലയോര വാസികളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ കഴിഞ്ഞില്ല. ഇനി പാലം പണി പൂർത്തിയാകുന്നതോടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന ആശ്വസത്തിലാണ് പ്രദേശവാസികൾ.പൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിലാണ് പാലത്തിന്റെ നിർമ്മണം.