al
ജയദുർഗ്ഗയുടെ സ്വപ്നങ്ങൾ ഇനിയും മുന്നോട്ടുരുളും പ്രഷ്യസ് ഡ്രോപ്സ് സമ്മാനിച്ച യന്ത്രക്കസേരയിൽ

പുത്തൂർ: സ്വന്തമായി ഒരു തുണ്ടു ഭൂമിയും അടച്ചുറപ്പുള്ള ഒരു കൊച്ചുവീടുമായിരുന്നു നെടുമൺകാവ്, കുടിക്കോട്, ഹരിനിവാസിൽ ജയദുർഗയെന്ന മുപ്പത്തഞ്ചുകാരിയുടെ സ്വപ്നം. ആ സ്വപ്നത്തിലേക്കെത്താൻ കൂലിവേലയും ലോട്ടറി വിൽപ്പനയുമായി ഓടിനടന്ന ജയദുർഗയ്ക്ക് രണ്ടു മാസം മുമ്പ് കൊട്ടിയത്തുണ്ടായ വാഹനാപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടു. രണ്ടു കുഞ്ഞുങ്ങളും രോഗബാധിതനായ ഭർത്താവുമടങ്ങിയ ഈ ചെറുകുടുബത്തിന്റെ സ്വപ്നങ്ങൾ അതോടെ ചലനമറ്റു. എന്നാൽ ജയദുർഗയ്ക്ക് കൈത്താങ്ങാകാൻ ഒരു യന്ത്രക്കസേരയുമായി എത്തിയിരിക്കുകയാണ് പ്രഷ്യസ് ഡ്രോപ്സ് എന്ന സന്നദ്ധ സംഘടന. ജയദുർഗയുടെ ജീവിതം ഇനി യന്ത്രക്കസേരയിൽ മുന്നോട്ടുരുളും. ബന്ധുഗൃഹത്തിലാണ് ജയദുർഗ ഇപ്പോൾ താമസം. പി. ഐഷാപോറ്റി എം.എൽ.എ ജയദുർഗയെ നേരിൽ കണ്ട് യന്ത്രക്കസേര കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം അഭിലാഷ്, ഗ്രാമപഞ്ചായത്തംഗം ഗീതാകുമാരി തുടങ്ങിയ ജനപ്രതിനിധികളും വീട്ടിലെത്തി. പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്.സന്തോഷ് കുമാർ, അഡ്വൈസർ ടി.രാജേഷ്, പ്രവർത്തകരായ നീതു അജിത്,മഞ്ജു, ഹരികൃഷ്ണൻ, രമേശ് അവണൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.