കൊല്ലം: ലോകത്തിലെ ഏറ്റവും വലുതും ഭാരതത്തിലെ ആദ്യത്തേതുമായ ശ്രീചക്ര മഹാമേരു ക്ഷേത്രം കൊല്ലം പെരുമ്പുഴയിൽ ഉയരും. ഇവിടത്തെ ശ്രീശങ്കരാചാര്യ മഠത്തിലാണ് ക്ഷേത്രം ഉയരുന്നത്. 2024ൽ പൂർത്തിയാകും. ശ്രീശങ്കരാചാര്യ ക്ഷേത്ര ട്രസ്റ്റാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. മഠാധിപതി സ്വാമി സൗപർണിക വിജേന്ദ്രപുരിയുടെ 41-ാം ജന്മദിനമായ നാളെ ശ്രീചക്രക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കും. ഭാരതത്തിലെ ശങ്കരാചാര്യ ബാലപീഠങ്ങളുടെ മഠാധിപതിയും ലോക ഹിന്ദുസഭാ അദ്ധ്യക്ഷനും ഭാരത ഹിന്ദു ആചാര്യ സഭയുടെ ജനറൽ സെക്രട്ടറിയുമാണ് സ്വാമി സൗപർണിക വിജേന്ദ്ര പുരി.
ഏഴ് നിലകളിലായി 130 അടി ഉയരമുള്ള ശ്രീചക്ര ക്ഷേത്രമാണിത്. ബാല ത്രിപുര സുന്ദരി ഇന്ദുരൂപിണി ദേവിയാണ് പ്രധാന പ്രതിഷ്ഠ. ശ്രീബാല - ശിവശക്തി - മഹാമേരു ക്ഷേത്രമെന്നാവും അറിയപ്പെടുക. ഏറ്റവും മുകളിലാണ് ശ്രീചക്ര പ്രതിഷ്ഠ.
1008 ദേവീ സങ്കല്പങ്ങളിലെ മുഴുവൻ ഭാവങ്ങളും പ്രത്യേക നിഷ്ഠയിൽ ആവാഹിച്ചാണ് പ്രതിഷ്ഠ നടത്തുക.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ശ്രീചക്രക്ഷേത്രം ശ്രീലങ്കയിലാണ്. 52 അടി ഉയരമുള്ള ആ ക്ഷേത്രത്തിൽ ശ്രീബാലയാണ് പ്രതിഷ്ഠ.
പെരുമ്പുഴയിൽ ആഗമം, വൈദികം, താന്ത്രികം എന്നീ ആചാരരീതികൾ പാലിച്ചുള്ള പൂർണ പ്രതിഷ്ഠയാണുണ്ടാവുക. പൊതുജനത്തിന് പ്രവേശനമില്ലാത്തതും ബ്രഹ്മചാരികളായ താന്ത്രികർ മാത്രം പൂജയ്ക്കായി തുറക്കുന്നതുമായ മറ്റ് മൂന്ന് ക്ഷേത്രങ്ങളും ശ്രീചക്ര ക്ഷേത്രത്തിലുണ്ടാവും. ഏറ്റവും താഴത്തെ നിലയിലാണിത്. ഇവിടെ അപൂർവമായ പൂജാക്രമമാവും അനുഷ്ഠിക്കുക. സമ്പൂർണ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവർ മാത്രമേ ഷോഡശോപാസനയിലുള്ള ശ്രീചക്ര ക്ഷേത്രത്തിൽ പൂജ ചെയ്യൂ.
തഞ്ചാവൂരിൽ നിന്നുള്ള 250 ശില്പികൾ പ്രത്യേക നിഷ്ഠകളോടെ കൊല്ലത്ത് താമസിച്ചാണ് കൃഷ്ണശിലയിൽ ക്ഷേത്രം ഒരുക്കുക. ശിലകൾ പൂർണമായും വെള്ളികൊണ്ട് പൊതിയും.
''
ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഒരു വ്യക്തിക്ക് ഒരു കാല ചക്രത്തെ മറികടക്കുന്ന അനുഭവമുണ്ടാവും. മഹാപുനർജ്ജനി ക്ഷേത്രമാണിത്.
സ്വാമി സൗപർണിക വിജേന്ദ്രപുരി
മഠാധിപതി , ശ്രീശങ്കരാചാര്യ മഠം