ഓച്ചിറ: ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ടിയിരുന്ന ഓച്ചിറ കുടിവെള്ളപദ്ധതി നടത്തിപ്പിലെ അപാകതയും കെടുകാര്യസ്ഥതയും കാരണം പരാജയപ്പെട്ടിരിക്കുകയാണ്. ആലപ്പാട്, ക്ലാപ്പന, ഓച്ചിറ പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയാണ് കോടികൾ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയത്. ഇപ്പോൾ വളരെ പരിമിതമായ രീതിയിൽ മാത്രമേ പദ്ധതിയിൽ നിന്ന് കുടിവെള്ളം ലഭിക്കുന്നുള്ളൂ. വേനൽ കടുത്തതോടെ ജലക്ഷാമത്താൽ പൊറുതിമുട്ടിയ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം അടിക്കടി മുടങ്ങുന്നതും ചില സ്ഥലങ്ങളിൽ ഒട്ടും വെള്ളം ലഭിക്കാത്തതുമാണ് പദ്ധതി നടത്തിപ്പിലെ പ്രധാന അപാകത.
പ്രാദേശിക ജലവിതരണ സംവിധാനങ്ങൾ ഇല്ലാതായി
ഓച്ചിറ പദ്ധതി ആരംഭിച്ചതോടുകൂടി ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പ്രദേശങ്ങളിൽ പ്രാദേശികമായി ഉണ്ടായിരുന്ന നിരവധി ജലവിതരണ സംവിധാനങ്ങൾ നിറുത്തലാക്കി.അതോടെ ആലപ്പാട്ട് പഞ്ചായത്തിലെ പത്തോളം കുഴൽകിണറുകൾ ഉപയോഗശൂന്യമായി. ക്ലാപ്പന പഞ്ചായത്തിലെ മൂന്നോളം പമ്പ് ഹൗസുകൾ പ്രവർത്തനരഹിതമായി.
പരാതികൾക്ക് ഫലമില്ല ,അവഗണന മാത്രം
പഴയ എൻ.എച്ചിന് കുറുകെയുള്ള പൈപ്പ് അടഞ്ഞുപോയതാണ് ജലവിതരണം തടസപ്പെടാൻ കാരണമെന്നും റോഡ് പൊളിച്ച് പുതിയ പൈപ്പിടാൻ പൊതുമരാമത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എത്രയും വേഗം കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നും ഓഫീസ് ഉപരോധിച്ച ക്ലാപ്പന നിവാസികൾക്ക് ഓച്ചിറയിലെ അസി. എൻജിനിയർ ഉറപ്പ് നൽകിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഇതുവരെയും ഒരു പുരോഗതിയും ഇല്ല.
പദ്ധതിക്ക് ജലം എത്തിക്കുന്നത് മാവേലിക്കരയ്ക്ക് സമീപം കണ്ടിയൂർ കടവിൽ നിന്നാണ്. കോടിക്കണക്കിന് രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. കണ്ടിയൂർ കടവിൽ വെള്ളം പമ്പ് ചെയ്യുന്നതിനുപയോഗിക്കുന്ന യന്ത്രസാമഗ്രികൾ കാലപ്പഴക്കം മൂലം പൂർണതോതിൽ പ്രവർത്തനക്ഷമമല്ലാ എന്ന് ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ജലം പമ്പ് ചെയ്യുന്ന കണ്ടിയൂർ കടവിന് സമീപം പൈപ്പ് പൊട്ടി ജലം റോഡിൽകൂടി ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ഇതുവരെയും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.
ഓച്ചിറ കുടിവെള്ള പദ്ധതിയുടെ തകരാറുകൾ പരിഹരിക്കാത്തത് ജലസേചനവകുപ്പ് ഉന്നത അധികാരികളും രാഷ്ട്രീയക്കാരും ടാങ്കർ കുടിവെള്ള വിതരണ ലോബിയും ചേർന്ന ഒരു അവിശുദ്ധകൂട്ടുകെട്ട് കാരണമാണ്. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് ഒരു കൂട്ടുകച്ചവടത്തിന്റെ ഭാഗമായാണ്.
സോനു ആലുംപീടിക, സാമൂഹികപ്രവർത്തകൻ.
നേരത്തേ പമ്പ് ഹൗസുകളായി പ്രവർത്തിച്ചിരുന്ന ആലുംപീടിക, എസ്.വി.എച്ച്.എസ്.എസ് ജംഗ്ഷൻ, ഉമ്മാ പറമ്പിൽ മുക്ക് എന്നീ സ്ഥലങ്ങളിൽ കുഴൽക്കിണറുകൾ സ്ഥാപിച്ച് ജലസേചനം ആരംഭിച്ചെങ്കിൽ മാത്രമേ ക്ലാപ്പന പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ.
എസ്.എം ഇക്ബാൽ. മുൻപ്രസിഡന്റ്, ക്ലാപ്പന ഗ്രാമപഞ്ചായത്ത്.
വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുമ്പോൾ ആർ. രാമചന്ദ്രൻ എം.എൽ.എ നിരവധി വാഗ്ദാനങ്ങൾ അഴീക്കൽ നിവാസികൾക്ക് നൽകാറുണ്ട്. ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.
യു. ഉല്ലാസ്, പ്രസിഡന്റ്, അഴീക്കൽ ഗ്രാമപഞ്ചായത്ത്.