കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട കോൺഗ്രസ് പാർട്ടിയെ കുട്ടിനേതാക്കൾ പിന്നെയും വെട്ടിലാക്കുകയാണ്. ഡി.സി.സി പ്രസിഡന്റിനെ ബി.ജെ.പിയുമായി കൂട്ടിക്കെട്ടി ചിലരൊക്കെ നുണക്കഥ മെനയുമ്പോഴാണ് ഇളമ്പള്ളൂരിലെ കോൺഗ്രസുകാർ പണിപറ്റിച്ചത്. ആർക്കും ഭരിക്കാൻ ഭൂരിപക്ഷമില്ലാതിരുന്ന ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിൽ സ്വതന്ത്രയെ നാമനിർദ്ദേശം ചെയ്തത് കോൺഗ്രസാണ്. പിന്താങ്ങിയത് ബി.ജെ.പിയും!. കോൺഗ്രസ് - ബി.ജെ.പി രഹസ്യബന്ധത്തിന് മറ്റെന്ത് തെളിവാണ് വേണ്ടതെന്ന് ഇടതുപക്ഷം ചോദിച്ചാൽ കോൺഗ്രസുകാർ എന്തുപറഞ്ഞ് പ്രതിരോധിക്കും. എന്തായാലും ബിന്ദുകൃഷ്ണ നിമിഷങ്ങൾക്കുള്ളിലാണ് ഇളമ്പള്ളൂരുകാരായ നാൽവർസംഘത്തെ പുറത്താക്കിയത്. പാർട്ടിനിലപാടിന് വിരുദ്ധമായി പെരുമാറിയെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ ഇളമ്പള്ളൂരുകാർ പെട്ടു.
പോരുവഴിയിൽ കോൺഗ്രസ് പ്രസിഡന്റിന് പിന്തുണ നൽകിയത് എസ്.ഡി.പി.ഐയാണ്. കോൺഗ്രസ് ആവശ്യപ്പെടാതെ തന്നെ എസ്.ഡി.പി.ഐ പിന്തുണ കൊടുത്തത് ബി.ജെ.പി ഭരണത്തിൽ വരാതിരിക്കാനാണ്. ബി.ജെ.പിയെപ്പോലെ അകറ്റിനിറുത്തേണ്ടവരിൽ നിന്ന് പിന്തുണവാങ്ങിയത് അംഗീകരിക്കാൻ പാർട്ടി തയ്യാറായില്ല. രാജിവയ്ക്കാൻ ഒരു ദിവസം സമയം കൊടുത്തു. കുട്ടിനേതാവ് ചെവിക്കൊണ്ടില്ല. പിന്നാലെ പുറത്താക്കലുമെത്തി. നിലപാടിൽ വെള്ളം ചേർത്തുകൊണ്ടുള്ള അടവുനയങ്ങൾ പാർട്ടിയെ തന്നെ ഇല്ലാതാക്കില്ലേ എന്നാണ് ചില നല്ല കോൺഗ്രസ് നേതാക്കളുടെ ചോദ്യം.