കൊല്ലം: കൊട്ടാരക്കരയിൽ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ളാൻ തയ്യാറാക്കുമെന്ന് നഗരസഭ ചെയർമാൻ എ.ഷാജു കൊട്ടാരക്കരയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ അറിയിച്ചു. അടിയന്തരമായി നടപ്പാക്കേണ്ട വികസന- ക്ഷേമ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. താലൂക്ക് ആശുപത്രി വികസനം, നഗരസഭ ഷോപ്പിംഗ് കോപ്ളക്സ് നിർമ്മാണം എന്നിവയും പ്രാധാന്യത്തോടെ നടപ്പാക്കും. നഗരസഭയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചും വിവിധ ആവശ്യങ്ങൾക്ക് വേണ്ടുന്ന രേഖകളെപ്പറ്റിയും സമഗ്ര വിവരങ്ങൾ അടങ്ങുന്ന പൗരാവകാശ രേഖ ഉടൻ പ്രസിദ്ധീകരിക്കും. ഓരോ വിഭാഗം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഫോൺ നമ്പരുകളും ഇതിൽ ഉൾപ്പെടുത്തും. നഗരസഭയിലെ 8343 കുടുംബങ്ങളിലും കൂടാതെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലുമടക്കം പൗരാവകാശ രേഖ വിതരണം ചെയ്യും. മാലിന്യ സംസ്കരണത്തിന് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തും. നഗരത്തിലും പൊതു ഇടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിന് തടയിടും. ഇതിനായി സി.സി.ടി.വി കാമറകളും സ്ഥാപിക്കും. അങ്കണവാടികൾക്ക് സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കും. ഇതിനായി പ്രവാസി സുഹൃത്തുക്കളുടെയടക്കം സഹായം കണ്ടെത്തി ഭൂമി വാങ്ങി നൽകും. സാമൂഹിക പെൻഷൻ, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങി നഗരസഭയിലെ വിവിധ വിഷയങ്ങളിൽ അദാലത്തുകൾ നടത്തി വിഷയങ്ങൾക്ക് പരിഹാരം കാണും. സംസ്ഥാന-കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കി വലിയ പദ്ധതികളും യാഥാർത്ഥ്യമാക്കും. ഫയർഫോഴ്സ്, സ്പെഷ്യൽ സബ് ജയിൽ തുടങ്ങി സർക്കാർ സംവിധാനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകി കൊട്ടാരക്കരയിൽ നിലനിറുത്തുമെന്നും എ.ഷാജു പറഞ്ഞു.
ദുരിതാശ്വാസ നിധി
നഗരസഭ ചെയർമാന്റെ പേരിൽ ദുരിതാശ്വാസ നിധി രൂപീകരിക്കും. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമടക്കം സംഭാവനകൾ ഇതിലേക്ക് സ്വീകരിക്കുകയും സുതാര്യമായ ഇടപാടുകൾ നടത്തുകയും ചെയ്യും. അത്യാഹിതം, മാറാരോഗങ്ങൾ എന്നിവ മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസ സഹായമായി ആയിരം രൂപ അടിയന്തരമായി നൽകാൻ കഴിയും.
തെരുവ് വിളക്കുകൾ
നഗരസഭ പരിധിയിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും. വിളക്കുകൾക്ക് തകരാർ പറ്റിയാൽ 24 മണിക്കൂറിനകം പരിഹരിക്കാൻ സംവിധാനമുണ്ടാക്കും.
കുടിവെള്ള പദ്ധതികൾ
ചെറുകിട പദ്ധതികൾ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കും. ബൃഹത് കുടിവെള്ള പദ്ധതി നടപ്പാക്കി എല്ലാവർക്കും വെള്ളമെത്തിയ്ക്കാനുള്ള നടപടികളും നടത്തും. മാടൻകാവ് കുടിവെള്ള പദ്ധതി ഉടൻ കമ്മീഷൻ ചെയ്യും.
ഓഫീസ് സമുച്ചയവും ഷോപ്പിംഗ് കോംപ്ളക്സും
ചന്തമുക്കിലെ പഴയ ഷോപ്പിംഗ് കോംപ്ളക്സ് നിന്നിരുന്ന ഭൂമിയിൽ ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിക്കുന്നതിന് അഞ്ചേകാൽ കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. രവി നഗറിലെ കെ.ഐ.പി വക അഞ്ചേക്കറോളം ഭൂമി വെറുതെ കിടന്ന് നശിക്കുന്നത് ഏറ്റെടുക്കാൻ ബന്ധപ്പെട്ടവരുമായി ചേർന്ന് ഇടപെടും. ഈ ഭൂമി ലഭിച്ചാൽ നഗരസഭയുടെ ആസ്ഥാന മന്ദിരവും ഷോപ്പിംഗ് കോംപ്ളക്സും അവിടെ നിർമ്മിക്കാൻ കഴിയും.
ഹൈടെക് മാർക്കറ്റ്
കൊട്ടാരക്കര മാർക്കറ്റ് ഇപ്പോൾ തീർത്തും നാണക്കേടുണ്ടാക്കുംവിധം പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ഹൈടെക് മാർക്കറ്റ് നിർമ്മിക്കും. മാലിന്യം നീക്കം ചെയ്യുന്നതിനും സംവിധാനങ്ങളുണ്ടാക്കും. വഴിയോരക്കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും.
സൗന്ദര്യ വത്കരണം
സുൽത്താൻ ബത്തേരി മോഡൽ സൗന്ദര്യ വത്കരണം പട്ടണത്തിൽ നടപ്പാക്കും. റെയിൽവേ സ്റ്റേഷൻ മുതൽ കോളേജ് ജംഗ്ഷൻ വരെയും രവി നഗർ മുതൽ കുന്നക്കര വരെയും റോഡിന് അലങ്കാര വിളക്കുകളും പൂച്ചെടികളുമൊക്കെയൊരുക്കി മനോഹരമാക്കും. പിൽഗ്രിം ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും. വഴിയോരങ്ങളിൽ വിശ്രമ കേന്ദ്രങ്ങളും മിനി പാർക്കുകളും നിർമ്മിക്കും.