photo
വെള്ളിയാഴ്ച വൈകിട്ട് കുരിശുംമുക്കിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് ബസിന് അടിയിൽ പെട്ടിരിക്കുന്നു.

അ‌ഞ്ചൽ:അഞ്ചൽ-ആയൂർ റോഡിൽ അപകടങ്ങൾ നാൾക്കുനാൾ പെരുകുന്നു. ഈ റോഡിലൂടെ യാത്ര ചെയ്താൽ ജീവനും കൊണ്ട് തിരിച്ചുപോകാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. പനച്ചവിള വട്ടമൺ പാലത്തിന് സമീപം, കുരിശുംമൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് അപടങ്ങൾ കൂടുതലായും നടക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളിലും അപകടങ്ങളില്ലാത്ത ദിവസങ്ങൾ കുറവാണ്. വെള്ളിയാഴ്ച രാത്രി 7.30 ഓടെ കുരിശും മൂട്ടിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ അപകടത്തിൽ പെട്ടതാണ് അവസാനമായി നടന്ന അപകടം. പാലോട് സ്വദേശികളായ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുകയാണ്. വ്യാഴാഴ്ച പനച്ചവിള ജംഗ്ഷനിൽ വച്ചുണ്ടായ അപടത്തിൽ ബൈക്ക് യാത്രികനായ യുവാവിന്റെ കാലിനും ഗുരുതര പരിക്കേറ്റിരുന്നു. നാല് റോഡുകൾ വന്ന് ചേരുന്ന പനച്ചവിള ജംഗ്ഷനിൽ അപകടം പേടിച്ച് റോഡിലിറങ്ങാൻ പോലും ആളുകൾക്ക് ഭയമാണ്. അഞ്ചൽ-ആയൂർ റോഡിൽ കാൽ നടയാത്രക്കാർക്കും യാതൊരു സുരക്ഷിതത്വവും ഇല്ല.

ഡിവൈഡറുകൾ നീക്കം ചെയ്തു

പനച്ചവിളയിൽ അപകടങ്ങൾ വർദ്ധിച്ചതോടെ ഏതാനം മാസങ്ങൾ മുമ്പേ പൊലീസിന്റെ അനുമതിയോടെ നാട്ടുകാരായ ചിലർ മുൻ കയ്യെടുത്ത് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. ഇതേ തുടർന്ന് ഇവിടെ അപകടങ്ങൾക്ക് കുറച്ച് ശമനവും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സ്ഥലം മാറിവന്ന എസ്.ഐ നിർബന്ധ ബുദ്ധിയോടെ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഡിവൈഡറുകൾ നീക്കം ചെയ്യുകയായിരുന്നു.അഞ്ചൽ ആയൂർ റോഡിൽ കാൽനടയാത്രക്കാർക്ക് നടപാത ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കാൻ ഇടയായിട്ടുണ്ട്. പല സ്ഥലങ്ങളിലും റോഡിന് വീതി ഇല്ലാത്തതിനാൽ ഏതിരെ വാഹനങ്ങൾ വന്നാൽ പോലും കാൽനടയാത്രക്കാർക്ക് ഒഴിഞ്ഞ് മാറാൻ കഴിയാത്ത സ്ഥിതിയാണ്. അഞ്ചൽ-ആയൂർ റോഡ് ഹൈവേ ആക്കുന്നതിനായി ഫണ്ട് അനുവദിക്കുകയും കരാർ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഈ റോഡിൽ നിരന്തരം അപകടങ്ങൾ വർദ്ധിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും യാതൊരു കുലുക്കവുമില്ല.


അപകടം നിയന്ത്രിക്കാൻ അടിയന്തരനടപടി വേണം.

അഞ്ചൽ - ആയൂർ റോഡിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ അടിയന്തര നടപടി ഉണ്ടാകണം. ടൂവീലർ ഉൾപ്പടെയുള്ള വാഹനങ്ങൾ അമിതവേഗതയിലാണ് ഈ വഴി കടന്നുപോകുന്നത്. നാല് റോഡുകൾ കൂടുന്ന പനച്ചവിള ഭാഗത്ത് വാഹനങ്ങൾ നിയന്ത്രിച്ച് വിടാൻ പൊലീസും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കണം. അപകട മുന്നറിയിപ്പ് നൽകുന്ന ബോ‌ർഡുകളും വാഹന വേഗത നിയന്ത്രിക്കാൻ ഡിവൈഡറുകളും സ്ഥാപിക്കാൻ അധികൃതർ മുൻ കൈയ്യെടുക്കണം.

(ബി. വേണുഗോപാൽ, പ്രസിഡന്റ്, കെ.വി.എസ്.എസ്, പനച്ചവിള യൂണിറ്റ്)